ശബരിമല കേസ് മുത്തലാഖിനും ഹാജി അലി ദർഗ്ഗ കേസിൽ നിന്നും വ്യത്യസ്തമാണ്. എന്തുകൊണ്ട് ?

ജെ സായിദീപക്

മുത്തലാഖ് , ഹാജി അലി ദർഗ്ഗ കേസ്, ശബരിമല യുവതീ പ്രവേശന വിഷയം എന്നിവ സ്ത്രീവിരുദ്ധത, പുരുഷാധിപത്യ വിവേചനം സംബന്ധിച്ച കേസുകളാണോ അതോ ഇവയ്ക്കിടയിൽ എന്തെങ്കിലും വ്യത്യസ്ഥതകളുണ്ടോ ? ഉണ്ടെങ്കിൽ ഭരണഘടനാ കോടതിയിൽ ഇവയുടെ നിയമസാധുതയെ എങ്ങനെ ബാധിക്കും ?

മുസ്ലിം സമുദായത്തിൽ നിലനിൽക്കുന്ന മുത്തലാഖ് സമ്പ്രദായത്തിന്റെ ഭരണഘടനാ സാധുതയെ വെല്ലുവിളിച്ചു മുസ്ലിം വനിതയായ സൈര ബാനോ നൽകിയ W.P ©. №118/2016 കേസിൽ 2017 മെയ് 18നു സുപ്രീംകോടതി വിചാരണ അവസാനിപ്പിച്ചു, കേസ് വിധിപറയാനായി മാറ്റിവെച്ചിരിക്കുകയാണ്. ബാനോ തന്റെ പരാതിയിൽ, മുസ്ലിം വ്യക്തിനിയമത്തിൽ പെടുന്ന, തലാഖ്- ഇ — ബിദ്അത് , നിക്കാഹ് — ഹലാല, ബഹുഭാര്യാത്വം തുടങ്ങിയവ, നിയമവിരുദ്ധവും ഭരണഘടനയുടെ 14, 15, 21, 25 അനുച്ഛേദങ്ങളുടെ ലംഘനമായതിനാൽ ഭരണഘടനാ വിരുദ്ധവുമായവയാണെന്ന് ചൂണ്ടിക്കാട്ടികൊണ്ടുള്ള ഒരു പ്രസ്താവനയ്ക്കായി പരമോന്നത നീതിപീഠത്തോട് ആവശ്യപ്പെടുകയാണുണ്ടായത്.

അതേ വിഷയത്തിൽ കോടതി മുമ്പ് സ്വമേധയാ ഏറ്റെടുത്ത, S.M W.P. © 2/2/2015, റിട്ട് പെറ്റീഷനോടൊപ്പമാന് ഈ പരാതിയും കേട്ടത്. ഈ കേസിൽ കക്ഷി ചേർന്ന അഖിലേന്ത്യാ മുസ്‌ലിം വ്യക്തിനിയമ ബോർഡിന്റെ വാദങ്ങളും നടപടികളുടെ ഭാഗമായിസുപ്രീംകോടതി കേട്ടു. കോടതിക്ക് മുമ്പുള്ള ഈ വിഷയം, മുസ്ലീം വ്യക്തി നിയമങ്ങളോടു ഇഴചേർന്നു നിൽക്കുന്നതിനാൽ തന്നെ ഇസ്ലാമിനോടും അഭേദ്യമായി ഇഴചേർന്നു കിടക്കുന്നതാണെന്നും അതുകൊണ്ടു തന്നെ സുപ്രീംകോടതി മതപരമായ വിശ്വാസങ്ങളിലും വ്യക്തി നിയമങ്ങളിലും ഇടപെടുന്നത് ഭരണഘടനാപരമായി വിലക്കപ്പെട്ടതാണെന്നും ആയിരുന്നു AIMPLBയുടെ നിലപാട്.

മെയ് 18 ന് വൈകുന്നേരം “ബിഗ് പിക്ചർ” എന്ന പരിപാടിയിൽ, മത വിശ്വാസങ്ങളും ഭരണഘടനാപരമായ നീതിയും: റിപബ്ലിക് ഓഫ് ഇന്ത്യയ്ക്കുള്ള വെല്ലുവിളികൾ എന്ന വിഷയത്തിൽ പാനൽ ചർച്ചയിൽ പങ്കെടുക്കാൻ രാജ്യസഭാ ടി.വി എന്നെ ക്ഷണിക്കുകയുണ്ടായി. കൂടുതൽ വിശദീകരണങ്ങൾക്കു മുമ്പായി തന്നെ , രാജ്യസഭാ ടിവിയിൽ, പ്രത്യേകിച്ച് ദി ബിഗ് പിക്ചറിൽ, അവതാരകനായ ഫ്രാങ്ക് റൗസൻ പെരേരയുടെ നേതൃത്വത്തിൽ നടക്കുന്ന ചർച്ചകൾ, വിഷയങ്ങൾ വിശദമായി കൈകാര്യം ചെയ്യുന്നതിലുള്ളഅനലംകൃതമായ ചാതുര്യ മൂലം വളരെയധികം ദൃശ്യയോഗ്യമാണ് എന്ന് പറഞ്ഞ്‌കൊള്ളട്ടെ. ഈ പരിപാടിയിൽ ചില പാനലിസ്റ്റുകൾ പ്രകടിപ്പിച്ച ചില കാഴ്ചപ്പാടുകളുടെ രത്നച്ചുരുക്കം ഇതാ:

1. മതവിശ്വാസങ്ങളും വ്യക്തിനിയമങ്ങളും ജുഡീഷ്യൽ അവലോകനത്തിന്റെയോ ഭരണകൂട ഇടപെടലുകളുടെയോ പരിധിക്കു പുറത്താണ്;

2. മനുഷ്യ നിർമിത നിയമമായ ഭരണഘടന, ദൈവ വചനമായതിനാൽ ഖുർആനിന് വഴിമാറണം;

3. മുത്തലാഖ് ഇന്നത്തെകാലത്ത് നടപ്പാക്കപ്പെടുന്ന രീതിക്കു ഖുറാനിൽ യാതൊരു അടിസ്ഥാനവുമില്ല എന്ന് മാത്രമല്ല, യഥാർത്ഥ ലക്ഷ്യത്തിൽ നിന്നും സമ്പ്രദായത്തിൽ നിന്നും ഉള്ള വ്യതിയാനവുമാണ് ഇത്;

4. വിധി പുറപ്പെടുപ്പിക്കുമ്പോൾ മുസ്ലീം സമുദായത്തിന്റെ വികാരത്തെ മാനിക്കുന്നതിൽ സുപ്രിം കോടതി ശ്രദ്ധിക്കേണ്ടതുണ്ട്. സമൂഹത്തിൽ നിന്നും “പരമാവധി സ്വീകാര്യത” നേടാനും കോടതി ശ്രമിക്കണം. 

5. മുസ്ലിം സമുദായത്തിനു കാലക്രമേണ പരിണമിക്കാൻ സമയം നൽകണമെന്നും ഒറ്റരാത്രി കൊണ്ട് പരിഷ്കരണങ്ങൾ നടപ്പാക്കാൻ കഴിയുകയുമില്ല

ഈ ലേഖനത്തിന്റെ വരും ഭാഗങ്ങളിൽ ഉള്ള വസ്തുതകൾ (ചാനൽ പരിപാടിയിൽ ഞാൻ കുറച്ച് വിശദമായി വിവരിച്ചിരുന്നു ) പറയുന്നതിനിടെ ശബരിമല ക്ഷേത്രത്തിലെ അയ്യപ്പസ്വാമി ഭക്തകളായ സ്ത്രീകളുടെ ‘റെഡി റ്റു വെയിറ്റ് ‘ കൂട്ടായ്മയെ യുവതീ പ്രവേശന കേസിൽ പ്രതിനിധീകരിക്കുന്നതിനൊപ്പം മുത്തലാഖ് വിഷയത്തിലുള്ള കോടതിയുടെ ഇടപെടലിനെ പിന്തുണയ്ക്കുകയും ചെയ്യുന്ന എന്റെ നടപടിയെ ഞാൻ എങ്ങനെ ന്യായീകരിക്കും എന്ന് ഒരു അഭിഭാഷക സുഹൃത്ത് എന്നോട് ചോദിക്കുകയുണ്ടായി.

ഈ ചോദ്യം ഞാൻ പ്രതീക്ഷിച്ചിരുന്നു. അത് ചോദിക്കപ്പെടേണ്ടതും വ്യക്തമായ മറുപടി ലഭിക്കേണ്ടതുമായതാണെന്നും ഞാൻ കരുതുകയും ചെയ്യുന്നു. എങ്കിലും, യുക്തിചിന്തയും ലക്ഷ്യബോധവും വിവേചനശക്തിയുമുള്ളവരായ ഏതൊരു വ്യക്തിയും മുന്‍വിധികൾക്കും പക്ഷപാതത്തിനും അവരുടെ നിഗമനങ്ങളെ സ്വാധീനിക്കാൻ ഇട നല്കാതിരിക്കുന്ന പക്ഷം, മുത്തലാഖ് കേസ്, ശബരിമല ക്ഷേത്ര കേസ് എന്നിവയുടെ മേലുള്ള വാദമുഖങ്ങളിൽ ഉള്ള വ്യത്യാസങ്ങൾ വിവേചിച്ചറിയുവാൻ കഴിയുമെന്ന് ഞാൻ വിശ്വസിക്കുന്നു.

ഈ വിഷയങ്ങൾ സംബന്ധിക്കുന്ന നിയമവശങ്ങൾ ഒഴിവാക്കിയാൽ, റെഡി റ്റു വെയിറ്റ് കക്ഷികളെയും AIMPLBയെയും ഒരേ മാലയിൽ കോർക്കാൻ ശ്രമിക്കുന്നതിനു മുമ്പായി, ഇരുകൂട്ടരും സ്വീകരിച്ചിരിക്കുന്ന വിഭിന്നമായ നിലപാടുകൾ പ്രധാനമായും കണക്കിലെടുക്കേണ്ടതാണ്. മുസ്ലീം സ്ത്രീകൾക്ക് ദർഗയിലേയ്ക്ക് പ്രവേശിക്കുന്നതിനുള്ള അവകാശത്തെ കുറിച്ചുള്ളതായതിനാൽ ഹാജി അലി ദർഗ്ഗ കേസ് കൂടെ ചർച്ച ചെയ്യേണ്ടതുണ്ട്. നിയമവശം വിവരിച്ചതിനു ശേഷം ഈ കേസുകൾ തമ്മിൽ ഞാൻ താരതമ്യം ചെയ്യാം.

ഭരണഘടനയിലെ വാദം
ഭരണഘടനയുടെ കീഴിലുള്ള ഹിന്ദു മതസ്ഥാപനങ്ങളുടെ അവകാശങ്ങളെ സംബന്ധിച്ചു IndiaFactsൽ വന്നുകൊണ്ടിരിക്കുന്ന ആറ് ഭാഗങ്ങളുള്ള എന്റെ പരമ്പരകളിൽ, അനുച്ഛേദം 25 ഉം 26 ഉം ശ്രദ്ധാപൂർവം വായിക്കുന്നതു വഴി ഉരുത്തിരിഞ്ഞു വരുന്ന നിയമവശങ്ങളും അവയുടെ ഇടപെടലുകൾ കൈകാര്യം ചെയ്ത സുപ്രീം കോടതിയിലെ വിധി പ്രസ്താവനകളും ഞാൻ സംഗ്രഹിച്ചിരിക്കുന്നതു ചുവടെ:

A. ഭരണഘടനയുടെ കീഴിൽ, മതത്തിന്റെ സ്വഭാവത്തിന് സമഗ്രവും അത്യന്താപേക്ഷിതവും ആയതല്ലാത്ത യാതോരു വിശ്വാസമോ, ആചാരമോ ഭരണഘടന അനുവദിച്ചിരിക്കുന്ന തോതിലും രീതിയിലും ഉള്ള ഭരണകൂടത്തിന്റെ ഇടപെടലുകളുടെ അല്ലെങ്കിൽ വിശകലനത്തിന്റെ പരിധിക്കുപുറത്തല്ല;

B. ഈ നിലപാടു സംബന്ധിച്ച വ്യവഹാരം എന്തെന്നാൽ, അവ വിവേചനംപരം ആവുകയോ ഭരണഘടനാപരമായ മാനദണ്ഡങ്ങൾ ലംഘിക്കുകയോ ചെയ്യാത്ത പക്ഷം, മതപരമായ നിയമങ്ങൾക്ക് ഭരണഘടന മുൻഗണന നൽകുന്നുണ്ട്;

C. അതുകൊണ്ടുതന്നെ ഏതൊരു സാഹചര്യത്തിലും, മതാചാരമോ വ്യക്തിനിയമമോ മതത്തിൽ വേരൂന്നിയതായാലും അല്ലെങ്കിലും അവ വിവേചനപരമായവയാണെങ്കിൽ, ഭരണഘടനാ കോടതികൾ വഴി, അവയെ ഭരണഘടനയുടെ ഉരകല്ലിൽ ഉരച്ചുനോക്കുന്നതു അനിവാര്യമാണ്;

D. ഇതിനു വേണ്ടി, ഒരു മതപരമായ വ്യവസ്ഥിതിയുടെ അല്ലെങ്കിൽ വ്യക്തിനിയമത്തിന്റെ ഭരണഘടനാപരതയെക്കുറിച്ച് ഒരു കാഴ്ചപ്പാട് രൂപപ്പെടുത്തുന്നതിനു മുമ്പ്, സമ്പ്രദായങ്ങളെ / നിയമത്തെ, അതിൻറെ ഉത്ഭവം, വിശ്വാസങ്ങൾക്ക് ഗ്രന്ഥങ്ങളിൽ എന്തെങ്കിലും അടിസ്ഥാനമുണ്ടോ എന്നെല്ലാം കോടതി പരിശോധിക്കേണ്ടതുണ്ട്. ഈ ആചാരങ്ങൾ /നിയമം വിശ്വാസ പ്രമാണങ്ങളുടെ കേന്ദ്രബിന്ദുവോ, ഭരണഘടനാവിരുദ്ധമായ മൂല്യങ്ങളെ അടിസ്ഥാനമാക്കിയാണോ എന്നതും പരിശോധിക്കേണ്ടതാണ്.

E. നിയമം അനുശാസിക്കുന്ന തരത്തിൽ ഇത്തരം വിശദമായ പരിശോധന നടത്തിയതിനു ശേഷം മാത്രമേ ഭരണഘടനാ കോടതിക്കു ഒരു മതാചാരം / നിയമവുമായി ബന്ധപ്പെട്ട് ഒരു കഴിയൂ.

മുകളിൽ പറഞ്ഞ നിയമവശത്തിന്റെ പശ്ചാത്തലത്തിൽ, ഏതൊരു സമാജത്തിനോ മതവിഭാഗത്തിനോ തങ്ങളുടെ മതവിശ്വാസത്തിലോ വ്യക്തിനിയമത്തിലോ അതെത്ര തന്നെ വിവേചനപരവും പ്രാകൃതവും ആണെങ്കിലും സ്റ്റേറ്റിന് ഇടപെടുവാൻ അവകാശമില്ല എന്ന നിലപാട് സ്വീകരിക്കുന്നതിനുള്ള വകുപ്പില്ല. എന്റെ കാഴ്ചപ്പാടിൽ, തികച്ചും പ്രകൃതവും സ്പഷ്ടമായ വിവേചനങ്ങൾക്ക് കാരണവും ആകുന്നുണ്ടെങ്കിൽ വിശ്വാസപ്രമാണങ്ങളുടെ മൂലാധാരമായ ആചാരത്തിൻമേലും ഈ വാദം പ്രായോഗികമാണു. ഉദാഹരണത്തിന്, മറ്റൊരു മതത്തിൻറെയോ വിശ്വാസസംവിധാനത്തിൻറെയോ മേലുള്ള വിദ്വേഷം ഒരു വിശ്വാസത്തിന്റെ അടിസ്ഥാന ശിലയാണെങ്കിൽ, വിശ്വാസത്തിന്റെ അടിസ്ഥാനപരമായ പ്രമാണങ്ങളിൽ ഭരണകൂടം ഇടപെടാൻ പാടില്ല എന്ന ഒരു വെറും വാദം കൊണ്ട് അതിനെ ന്യായീകരിക്കാൻ കഴിയുമോ? എന്നിരുന്നാലും, ഏതൊരു സമുദായത്തിനും മതവിഭാഗത്തിനും “രക്ഷക / മിശിഹാ കോംപ്ലക്സി”നാൽ വിവശരാവാതെ, വ്യക്തമായ പഠനങ്ങൾക്ക് ശേഷം വേണം കോടതി ഒരു തീരുമാനം എടുക്കാൻ എന്ന് പ്രതീക്ഷിക്കുവാനുള്ള അവകാശവുമുണ്ട്.

മുത്തലാഖ്, ഹാജി അലി ദർഗ്ഗ, ശബരിമല ക്ഷേത്രം എന്നിവതമ്മിലുള്ള താരതമ്യവും വിശകലനവും 

മുത്തലാഖ് കേസിൽ സുപ്രീംകോടതി ഇതുവരെ വിധി പുറപ്പെടുവിക്കാത്തതിനാൽ, മുസ്ലീം വ്യക്തിനിയമങ്ങൾ ജുഡീഷ്യൽ റിവ്യൂവിനോ ഭരണകൂട ഇടപെടലുകൾക്കോ അതീതമാണെന്ന AIMPL ന്റെ നിലപാടിനു നിയമസാധുത ഇല്ലെന്നു പറയാവുന്നതാണ്. മുത്തലാഖ് ഇസ്ലാമിന്റെ അടിസ്ഥാന പ്രമാണത്തില്‍പ്പെടുന്നതല്ലെന്നും വിവേചനപരം ആണെന്നും ഉള്ള നിർണ്ണയത്തിൽ സുപ്രീം കോടതി എത്തിച്ചേർന്നാൽ, ഭരണഘടനയുടെ പതിമൂന്നാം അനുച്ഛേദത്തിനു വിധേയമായ നിയമമെന്ന നിലയിൽ വ്യക്തിനിയമങ്ങൾക്കും, ആചാരങ്ങൾക്കും കീഴ്വഴക്കങ്ങൾക്കും ബാധകമായ മാനദണ്ഡങ്ങൾ പ്രയോഗിച്ചു കോടതിക്ക് ഈ ആചാരങ്ങൾ ഭരണഘടനാ വിരുദ്ധമാണെന്ന നിലയിൽ നിർത്തലാക്കാവുന്നതാണ്. ഇനി അഥവാ, പരമോന്നത നീതിപീഠം ഈ ആചാരങ്ങൾ ഇസ്ലാമിന്റെ അടിസ്ഥാനപ്രമാണങ്ങളിൽ ഒന്നാണെന്ന് കണ്ടെത്തിയാൽ ഇവയെ എങ്ങനെ കൈകാര്യം ചെയ്യുന്നു എന്ന് നോക്കുന്നതും രസകരമായിരിക്കും.

ഹാജി അലി ദർഗ്ഗ കേസിനുവേണ്ടി, ദർഗ ട്രസ്റ്റിമാർ ബോംബെ ഹൈക്കോടതിക്ക് മുന്നിൽ ഏകകണ്ഠ മായി കൈക്കൊണ്ടത് താഴെപ്പറയുന്ന വാദമാണ്:

“ പുരുഷനായ മുസ്ലിം പണ്ഡിതന്റെ ശവക്കല്ലറയ്ക്ക് സമീപത്ത് സ്ത്രീകള്‍ എത്തുന്നത് ഇസ്ലാമിൽ വളരെ ഗുരുതരമായ പാപമാണ്‌. മാത്രമല്ല, ട്രസ്റ്റ് ഭരണഘടനാനിയമം, പ്രത്യേകിച്ച് മതകാര്യങ്ങളിൽ സ്വന്തം വ്യവസ്ഥകളെ നോക്കിനടത്തുന്നതിന് ട്രസ്റ്റിന് ഭരണഘടനയിലെ അനുച്ഛേദം 26 പ്രകാരം അനുവദിച്ചിരിക്കുന്ന മൗലികാവകാശം, അത്തരം ഇടപെടലുകളെ ഏതെങ്കിലും മൂന്നാമത്തെ ഏജൻസിക്ക് അനുവദിക്കുന്നില്ല.

പ്രാർഥനകൾക്കായി സ്ത്രീകൾക്ക് നിലവിലുള്ള ക്രമീകരണം അവർക്ക് സുരക്ഷിതമായ ഒരു സ്ഥലം നൽകുന്നു. സ്ത്രീകളുടെ സുരക്ഷിതത്വവും ഭദ്രതയും കരുതി ശവകുടീരത്തിന്റെ അകത്തെ മണ്ഡപത്തിനു കഴിയാവുന്നതിൽ ഏറ്റവും അടുത്തായി, പുരുഷന്മാരുടെ തിരക്കു കൂടി കണക്കിലെടുത്തുകൊണ്ടാണ് ഇത് തീരുമാനിച്ചതും. വനിതാ തീർത്ഥാടകർ ഈ ക്രമീകരണത്തെ സ്വാഗതം ചെയ്തിട്ടുണ്ട്.

അതിനാൽ, ഒരു കാലഘട്ടത്തിലും പണ്ഡിതന്റെ ശവകുടീരത്തിനു സമീപത്ത് പ്രവേശിക്കാൻ സ്ത്രീകളെ അനുവദിചിട്ടില്ല എന്ന നിലപാടിൽട്രസ്റ്റിമാർ ഏകകണ്ഠമായിഉറച്ചു നില്കുന്നു. യഥാർത്ഥത്തിൽ സ്ത്രീകളുടെ പ്രത്യേക പ്രവേശന കവാടം വഴി നിലവിലുള്ള ക്രമീകരണം മുൻപത്തേതിനേക്കാൾ ശവകല്ലറക്കു വളരെ അടുത്താണ്. “

“ഇസ്ലാമിൽ ആർത്തവസമയത്തു സ്ത്രീകൾ വൃത്തിഹീനരും, അശുദ്ധരും ആയതിനാൽ അവർക്കു പ്രാർത്ഥനകൾ അർപ്പിക്കുവാനോ ദർഗ്ഗ/പള്ളികൾ സന്ദര്ശിക്കുവാനോ കഴിയില്ല എന്നും പുണ്യസ്ഥലങ്ങളിൽ ഒന്നിച്ചു കൂടുമ്പോൾ സ്ത്രീകളിൽ നിന്നും പെൺകുട്ടികളിൽ നിന്നും പുരുഷന്മാരെയും ആൺകുട്ടികളെയും മാറ്റി നിർത്തണം എന്ന് ഇസ്ലാം നിഷ്‌കർഷിക്കുന്നു.” എന്ന് ദർഗ ട്രസ്റ്റിന്റെ പേരിൽ കോടതിക്ക് മുമ്പാകെ സമർപ്പിക്കപ്പെട്ടു. ഈ വാദങ്ങളെ പിന്താങ്ങി കൊണ്ടുള്ള ഖുർആൻ സൂക്തങ്ങളും ഹദീസുകളും ഹാജരാക്കപ്പെട്ടു.

ദർഗയിലെ ഉൾത്തടത്തിലേക്കുള്ള സ്ത്രീകളുടെ പ്രവേശനം ക്ലിപ്‌തപ്പെടുത്തുന്നത് ‘ഇസ്ലാമിന്റെ അനിവാര്യവും അവിഭാജ്യവുമായ ഒരു അംശമാണെന്നും’ ഇത്തരം “നിയന്ത്രണങ്ങൾക്ക് ” “മതകാര്യം” എന്ന നിലയിൽ ഭരണഘടനയുടെ അനുച്ഛേദം 26 (ബി) നൽകുന്ന സംരക്ഷണവും ഉണ്ടെന്നും. അതിനാൽ, ദർഗ്ഗയിലെ ശവക്കല്ലറയുടെ അടുത്ത് പ്രവേശിക്കുന്നതിനു സ്ത്രീകളെ അനുവദിച്ചാൽ, മതത്തിന്റെ ആത്യന്തിക സ്വഭാവത്തിലാണ് മാറ്റം വരുത്തുന്നത് എന്നും ട്രസ്റ്റ് അഭിപ്രായപ്പെട്ടു.

എന്നിരുന്നാലും, ട്രസ്റ്റ് അവകാശപ്പെട്ടത് പോലെ മുസ്ലീം വിശുദ്ധന്റെ ശവകുടീരത്തിൽ സ്ത്രീകളുടെ സാമിപ്യം എങ്ങനെയാണ് ഇസ്ലാമിൽ പാപം ആകുന്നത് എന്നതിന്മേൽ വെളിച്ചം വീശുവാൻ ട്രസ്റ്റ് ഹാജരാക്കിയ സൂക്തങ്ങൾക്ക് ഒന്നും തന്നെ കഴിഞ്ഞിട്ടില്ല എന്ന് ഹൈക്കോടതി വീക്ഷിച്ചു. ദർഗയിലേയ്ക്ക് സ്ത്രീകളെ പ്രവേശിക്കുന്നതിനുള്ള നിരോധനത്തെ പിന്തുണച്ചു കൊണ്ട് ഏതെങ്കിലും മാമൂലുകളോ ആചാരമോ ഇല്ല എന്നതും, 2012 വരെ ദർഗയിലെ സ്ത്രീകൾക്ക് പ്രവേശനം അനുവദിച്ചിരുന്നു എന്നതിനാലും അനുച്ഛേദം 26 പ്രകാരം ‘മതകാര്യങ്ങൾ നിയന്ത്രിക്കുന്നു’ എന്ന വ്യാജേന ഒരു പൊതു ആരാധനാലയത്തിൽ പ്രവേശിക്കുന്നതിൽ സ്ത്രീകളോട് വിവേചനം കാണിക്കുവാൻ ട്രസ്റ്റിന് അവകാശമില്ലെന്നും ഹൈക്കോടതി ചൂണ്ടിക്കാട്ടി.

ട്രസ്റ്റിനെ, അതിന്റെ അവകാശങ്ങൾ ഉറപ്പാക്കുന്നതിന് അനുച്ഛേദം 26 ന് കീഴിൽ ഒരു “ മതശാഖ” എന്നു വിളിക്കാൻ യോഗ്യമല്ലെന്ന് കോടതി വിധിച്ചു. അതിനാൽ, ഖുറാനിലോ ഹദീസുകളിലോ നിന്നോ അല്ലെങ്കിൽ മറ്റേതെങ്കിലും മാമൂലുകളാലോ കീഴ്വഴക്കങ്ങളാലോ തങ്ങളുടെ വാദഗതികളെ ബലപ്പെടുത്താൻ തക്കതായ അവലംബങ്ങൾ നൽകാനോ ആർട്ടിക്കിൾ 26 ന് കീഴിലുള്ള മൌലികാവകാശങ്ങൾക്ക് മേലുള്ള അർഹത പ്രകടമാക്കാനോ ട്രസ്റ്റിന് സാധിക്കാഞ്ഞതു കൊണ്ടാണ് ഈ കേസിന്റെ ഗതി ഇങ്ങനെ ആയത് എന്ന് വ്യക്തമാണ്. 2016 ഒക്ടോബർ 24നു, ദർഗ ട്രസ്റ്റ് സമർപ്പിച്ച സ്പെഷ്യൽ ലീവ് പെറ്റീഷനിൽ , ട്രസ്റ്റ് സുപ്രീംകോടതിക്ക് മുൻപിൽ പൂർവ്വസ്ഥിതി പുനഃസ്ഥാപിക്കാം എന്ന് ഉറപ്പു നൽകുകയുണ്ടായി. അതായതു, സ്ത്രീകൾക്കും പുരുഷന്മാർക്കു ഒപ്പം 2012വരെ പാലിച്ചു വന്നിരുന്നത് പോലെ ശവകുടീരത്തിൽ ഒരേ ദൂരത്തിൽ പ്രവേശനം അനുവദിക്കാം എന്ന്.

ഇനി ശബരിമല ക്ഷേത്ര കേസിലേക്ക് വരാം. ഞാൻ മുമ്പ് എഴുതിയിരുന്നു പരമോന്നത ന്യായപീഠം സംബോധന ചെയ്യേണ്ട ചോദ്യങ്ങൾ (എ) ഒരു പ്രത്യേക പ്രായപരിധിയിലുള്ള സ്ത്രീകളുടെ പ്രവേശനത്തിനുള്ള നിയന്ത്രണം ക്ഷേത്രത്തിന്റെ ചരിത്രത്തിലും ആചാരങ്ങളിലും രൂഢമൂലമായതാണോ, (ബി) അത്തരമൊരു ചരിത്രത്തിന്റെ/പാരമ്പര്യത്തിന്റെ അടിസ്ഥാനം സ്ത്രീവിരുദ്ധതയിലും വിവേചനത്തിലും ആണോ എന്നതാണെന്ന്.

ഒരു പ്രത്യേക പ്രായപരിധിയിലുള്ള സ്ത്രീകളുടെ പ്രവേശനം തടയുന്നതിനുള്ള തീരുമാനത്തിൽ സ്ത്രീവിരുദ്ധത പങ്കുവഹിക്കുന്നില്ല എന്നും ക്ഷേത്രത്തിന്റെ മുഖ്യ ദേവതയെ സംബന്ധിക്കുന്ന നിയമങ്ങളിൽ നിന്നാണ് ഈ നിയന്ത്രണം ഉദ്ഭവിക്കുന്നതു എന്നും ക്ഷേത്രത്തോട് ബന്ധപ്പെട്ട രേഖകളിൽ നിന്നും വെളിപ്പെടുന്ന പക്ഷം യുവതീപ്രവേശനത്തിനുള്ള വിലക്ക് നിലനിർത്തേണ്ടിയിരിക്കുന്നു. കാരണം ഇത് ഭരണഘടന നൽകുന്ന അധികാരങ്ങളോട് ചേർന്ന് പോകുന്നു. റെഡി ടു വെയിറ്റ് എന്ന ഭക്തരായ സ്ത്രീകളുടെ കൂട്ടായ്മയ്ക്ക് വേണ്ടി സുപ്രീംകോടതിക്ക് മുൻപായി നൽകിയ എന്റെ സമർപ്പണത്തിന്റെ ആകെ തുകയുംഇതായിരുന്നു. പ്രത്യേകിച്ച് , AIMPLB ൽ നിന്ന് വ്യത്യസ്തമായി, ഇവിടെ മതപരമായ വിശ്വാസങ്ങൾ പൂർണ്ണമായും ജുഡീഷ്യൽ വിശകലനത്തിന്റെ പരിധിക്കുപുറത്താണ് എന്ന രീതിയിലുള്ള വാദം ഉന്നയിച്ചിട്ടേയില്ല

അതിനാൽ, ശബരിമല ക്ഷേത്ര കേസിൽ എടുത്ത ഈ യുക്തവും, സന്തുലിതവും, സൂക്ഷ്‌മവുമായ 1991 ൽ ഹൈക്കോടതി ഡിവിഷൻ ബഞ്ച് അംഗീകരിച്ചതുമായ ഈ വാദത്തിന്റെ വെളിച്ചത്തിൽ, ഹാജി അലി ദർഗ ട്രസ്റ്റിന്റെയോ മുത്തലാഖ് കേസിൽ AIMPLBയുടെയോ നിലപാടുകളുമായി തുലനം ചെയ്യുന്നതിന് സാധുതയില്ല.

ചുരുക്കത്തിൽ, കേസുകൾക്കും പ്രശ്നങ്ങൾക്കുമിടയിലെ നിർണ്ണായകമായ വ്യത്യാസം ശരിക്കും മനസ്സിലാക്കാൻ അത്ര ബുദ്ധിമുട്ടില്ല എന്നതാണ് എനിക്ക് പറയാനുള്ളത്. എന്നാൽ, മുന്‍വിധി കൂടാതെ കാര്യങ്ങളെ മനസ്സിലാക്കാൻ ശ്രമിക്കുന്ന ഒരാളിൽ മാത്രമേ വസ്തുതകൾക്കും യുക്തിക്കും എന്തെങ്കിലും ഫലമുണ്ടാക്കാൻ കഴിയൂ. ഇടതുപക്ഷത്തെ നിന്നും കടമെടുത്ത കാലഹരണപ്പെട്ട സ്ത്രീവിരുദ്ധത, പുരുഷാധിപത്യം, വർഗ്ഗ വിധവെഷം തുടങ്ങിയ സംജ്ഞകളെ വീണ്ടും വീണ്ടും പ്രചരിപ്പിക്കുകയും അയവിറക്കുകയും ചെയ്യുന്നവരെ ഏതായാലും വസ്തുതകൾ ബാധിക്കുകയുമില്ല

എൻജിനീയർ ആയിരുന്ന സായി ഇപ്പോൾ ഡെൽഹി ഹൈക്കോടതിയിൽ അഡ്വക്കറ്റ് ആയി പ്രാക്ടീസ് ചെയ്യുന്നു. “blawg” “The Demanding Mistress” എന്നീ ബ്ലോഗുകളും. ട്വിറ്ററിൽ @jsaideepak എന്ന പേരിൽ.

സ്വരാജ്യ മാഗസിനിൽ പ്രസിദ്ധീകരിച്ച ലേഖനത്തിന്റെ മലയാള  പരിഭാഷ

https://swarajyamag.com/politics/why-the-sabarimala-case-is-different-from-that-of-triple-talaq-or-haji-ali-dargah

Leave a Reply

Please log in using one of these methods to post your comment:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Google photo

You are commenting using your Google account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s