നരകത്തിന്റെ മാലാഖ : ആഗ്നസ് ഗോംക്സ് ബൊയാക്സ്യു

പാവങ്ങളുടെ ആത്മാവിനെ ദൈവസന്നിധിയിലേക്കെത്തിച്ച മാലാഖ, മദർ തെരേസ എന്നറിയപ്പെടുന്ന ആഗ്നസ് ഗോംക്സ് ബൊയാക്സ്യു എന്ന കത്തോലിക്കാ മിഷനറി വരുന്ന സെപ്തംബർ നാലാം തീയ്യതി ഫ്രാൻസിസ് മാർപ്പാപ്പായാൽ വിശുദ്ധയാക്കപ്പെടുകയാണ്. കേന്ദ്ര വിദേശകാര്യ വകുപ്പ് മന്ത്രി ശ്രീമതി സുഷമാ സ്വരാജിന്റെ നേതൃത്വത്തിലുള്ള ഒരു വൻ സന്നാഹം തന്നെ ഭാരതത്തെ പ്രതിനിധീകരിച്ചു തദവസരത്തിൽ പങ്കുകൊള്ളുന്നതിനായി വത്തിക്കാനിലേക്കു തിരിക്കും എന്നാണ് അറിയാൻ കഴിഞ്ഞത്.

മദർ തെരേസയെയും അവരുടെ പ്രവർത്തനങ്ങളെയും ചുറ്റിപ്പറ്റിയുള്ള പല മിത്തുകളും അവരുടെ വിശുദ്ധവൽക്കരണത്താൽ വത്തിക്കാന്റെ നഷ്ടപ്രതാപം വീണ്ടെടുക്കാമെന്ന പ്രതീക്ഷയോടെ കത്തോലിക്കാ സഭയും മാധ്യമങ്ങളും ചേർന്ന് സൃഷ്‌ടിച്ച കഥകളാണെന്നാണ് പൊതുവെ കരുതപ്പെടുന്നത്. കൂടാതെ, തങ്ങള്‍ മറ്റുള്ളവരെ അപരിഷ്‌കൃതരില്‍ നിന്നും രക്ഷിച്ചെടുക്കേണ്ടവരാണ് എന്ന വെള്ളക്കാരന്റെ ചുമതലാബോധത്തെ ( white man’s burden) പ്രകാശിപ്പിക്കുന്നതിനാൽ വെള്ളക്കാരന് അവന്റെ ഭാരം ഇറക്കി വെക്കാനും ‘തദ്ദേശിയരുടെ വിമോചനം’ എന്ന കൊളോണിയല്‍ ന്യായം പ്രചരിപ്പിക്കുവാനും പറ്റിയ ഒരു മികച്ച ഉപകരണമാണ് തെരേസ. തങ്ങൾ ഇന്നും ലോക രക്ഷകർ ആണെന്ന സമാശ്വാസം പാശ്ചാത്യർക്കു മദർ തെരേസയിലൂടെ നേടാൻ കഴിയുന്നു.

മദർ തെരേസ, പാവപെട്ടവർക്കും വേദന അനുഭവിക്കുന്നവർക്കും ആശ്വാസം നൽകാൻ അതി ഗംഭീരമായ പ്രവർത്തനങ്ങൾ ഒന്നും തന്നെ പ്രത്യേകമായി ചെയ്യാത്ത ഒരു വെറും കത്തോലിക്കാ മതഭ്രാന്തി ആയിരുന്നു എന്ന സത്യം ലോകം അംഗീകരിക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. ഒരു തീവ്ര കത്തോലിക്കാ മതവിശ്വാസി കന്യാസ്ത്രീ ആകുന്നത് ലോക നന്മക്കല്ല, മറിച്ചു തന്റെ മത വിശ്വാസത്തെ സേവിക്കുവാൻ വേണ്ടി മാത്രം ആണെന്നതാണ് യാഥാർഥ്യം എന്നിരിക്കെ, ഒരു കത്തോലിക്കാ കന്യാസ്ത്രീ നടത്തിയ പ്രേഷിതപ്രവർത്തനം നിസ്വാർത്ഥ സേവനമായി ലോകം വാഴ്ത്തുന്നതിലെ വംശീയത ചർച്ച ചെയ്യപ്പെടേണ്ടത് ആധുനിക സമൂഹത്തിന്റെ ആവശ്യമാണ്.

എന്ത് കൊണ്ടാണ് മദർ തെരേസയെ പോലുള്ള വിവാദ മിഷനറിമാർ പോലും സഭയാൽ വിശുദ്ധയാക്കപ്പെടുന്നത്?എന്ത് കൊണ്ടാണ് മതമില്ലാത്ത ഇടതു പക്ഷം ഇത്തരം അന്ധവിശ്വാസങ്ങൾക്കെതിരെ പ്രതികരിക്കാൻ മടിക്കുന്നത്?

1910 ആഗസ്റ്റ് 26 ന് മാസിഡോണിയയുടെ തലസ്ഥാനമായ സ്‌കോപ്‌ജെയിലാണ് അല്‍ബേനിയന്‍ വംശജയായ ആഗ്നസ് ജനിച്ചത്. റോമൻ കത്തോലിക്കാ വിശ്വാസങ്ങൾക്കനുസരിച്ച് വളർത്തപ്പെട്ട ആഗ്നസ് ഏതൊരു തീവ്രമതവിശ്വാസിയെയും പോലെ ഒരു കന്യാസ്ത്രീ ആയി. സിസ്റ്റേഴ്‌സ് ഓഫ് ലൊറെറ്റോയില്‍ ചേര്‍ന്ന ആഗ്നസ് ഇംഗ്ലീഷ് പഠിക്കാന്‍ അയര്‍ലന്റിലേക്ക് പോയി. ഇന്ത്യയിലെ കുട്ടികളെ പഠിപ്പിക്കാന്‍ വേണ്ടിയായിരുന്നു ലൊറെറ്റോ കോണ്‍വെന്റിലുള്ളവര്‍ ഇംഗ്ലീഷ് അഭ്യസിച്ചിരുന്നത്. 1929 ല്‍ ഇന്ത്യയിലെത്തിയ ആഗ്നസ് ഡാര്‍ജിലിംഗിലാണ് കന്യാസ്ത്രീയാവാനുള്ള കഠിനപരിശീലനം തുടങ്ങിയത്. 1931 മെയ് 24 ന് സഭാവസ്ത്രം സ്വീകരിച്ച ആഗ്നസ് കിഴക്കൻ കൊൽക്കത്തയിലെ ലൊറേറ്റോ കോൺ‌വെന്റ് സ്കൂളിൽ അദ്ധ്യാപികയായിരിക്കേ 1937 മേയ് 14-നു സിസ്റ്റർ തെരേസയായി നിത്യവ്രതം സ്വീകരിച്ചു.
1946 സെപ്റ്റംബർ 10-നു വാർഷികധ്യാനത്തിനായി ഡാർജിലിങ്ങിലെ ലൊറേറ്റോ കോൺ‌വെന്റിലേക്കുള്ള യാത്രാമധ്യേ പാവങ്ങളെ സഹായിക്കുവാൻ ‘ദൈവവിളി’ ഉണ്ടായതിനാൽ ലൊറെറ്റോ സഭയുടെ വേഷങ്ങളുപേക്ഷിച്ച് നീലവരയുള്ള വെള്ളകോട്ടൺ സാരി വേഷമായി സ്വീകരിച്ചു ആതുര ശുശ്രൂഷാരംഗത്തേക്കു തിരിഞ്ഞ സിസ്റ്റർ തെരേസ വളരെ പെട്ടെന്ന് തന്നെ പ്രധാനമന്ത്രി നെഹ്രുവിന്റെ വരെ പ്രശംസ നേടിയെടുത്തു.

1950 ഒക്ടോബർ 7-ന് കൊൽക്കത്താ രൂപതയ്ക്കു കീഴിൽ പുതിയ സന്യാസിനീസഭ ആരംഭിക്കാൻ വത്തിക്കാൻ തെരേസയ്ക്ക് അനുവാദം നൽകി. തെരേസയുടെ ശിഷ്യയായിരുന്ന സുഭാഷിണി ദാസ് ആണ് മിഷണറീസ് ഓഫ് ചാരിറ്റിയിൽ ആദ്യം വന്നു ചേർന്നത്. മതപരിവർത്തനത്തിന്റെ ആദ്യകാല ഇര.

1950 ൽ ആരംഭിച്ച മിഷനറീസ് ഓഫ് ചാരിറ്റി ഇന്ന് 130ലധികം രാജ്യങ്ങളിൽ 500 ലധികം മിഷനുകളായി വ്യാപിച്ചു കിടക്കുന്ന വമ്പൻ പ്രസ്ഥാനമാണ്. ലോകത്തിന്റെ വിവിധ കോണുകളിൽ നിന്നും ഇവർക്ക് ലഭിച്ച കോടിക്കണക്കിനു സംഭാവനകളാൽ വളരെയധികം ധനസമൃദ്ധമായ സഭയുമാണ് ആണ് ഇവർ ഇപ്പോൾ. 1965 ൽ മാർപാപ്പ സൊസൈറ്റി ഓഫ് പൊന്തിഫിക്കൽ റൈറ്റ്എന്ന അവകാശം മിഷണറീസ് ഓഫ് ചാരിറ്റിക്ക് നൽകിയതിൻ പ്രകാരം മിഷണറീസ് ഓഫ് ചാരിറ്റിക്ക് ഇന്ത്യക്കുപുറത്തും സേവനമേഖലകൾ വ്യാപിപ്പിക്കാനുള്ള അധികാരം വത്തിക്കാനിൽ നിന്നും ലഭിക്കുകയുണ്ടായി. 1965 ല്‍ വെനസ്വേലയിലാണ് ഇന്ത്യയ്ക്കു പുറത്ത് ആദ്യമായി തെരേസ അനാഥാലയം സ്ഥാപിച്ചത്.

തുടക്കത്തിൽ സ്ഥിരമായ ഒരു വരുമാനമില്ലായിരുന്നതിനാൽ,താൻ സംരക്ഷണമേറ്റെടുത്തവർക്ക് ഭക്ഷണം നൽകാൻ പലപ്പോഴും മറ്റുള്ളവരുടെ മുമ്പിൽ യാചിക്കേണ്ടതായി വന്നു എന്നതാണ് തെരേസയെന്ന കന്യാസ്ത്രീയുടെ കഷ്ടത നിറഞ്ഞ സേവനത്തിന്റെ തെളിവായി ആരാധകരും ക്രിസ്തുമതവിശ്വാസികളും ഉയർത്തിക്കാട്ടുന്നത്. എന്നാൽ, കാശിനു വേണ്ടി യാചിക്കാത്ത ഒരു കന്യാസ്ത്രീ/പാതിരി സമൂഹത്തെ എവിടെയെങ്കിലും കണ്ടിട്ടുണ്ടോ? അപ്പോൾ, അതെങ്ങനെ കഷ്ടതയാകും? യാചിക്കാനായി ഇറങ്ങി പുറപ്പെട്ടവർ യാചിച്ചിട്ടു അത് വലിയ സംഭവമാണെന്ന് പറയുന്നതിലെ മഹത്വം എന്താണ്?

ഗര്‍ഭഛിദ്രത്തോട്‌ ശക്തമായ വിയോജിപ്പുള്ള കാത്തലിക്‌ വിശ്വാസിയായ ബിബിസിയിലെ മാല്‍ക്കം മഗെഡെറുമായി 1968 ല്‍ ലണ്ടനില്‍ വച്ചു നടന്ന കൂടിക്കാഴ്ചയ്ക്ക് ശേഷം
ബിബിസി പോലൊരു ശക്തമായ മാധ്യമത്തിന്റെ സ്വാധീനം ഉപയോഗിച്ച്‌ മാല്‍ക്കം മദര്‍ തെരേസയെ പ്രശസ്തിയിലേക്ക്‌ കൈപിടിച്ച്‌ ഉയര്‍ത്തുകയായിരുന്നു. ‘ഫസ്റ്റ്‌ ഫോട്ടോഗ്രാഫിക്‌ മിറക്കിള്‍’ എന്ന പേരില്‍ മദര്‍ തെരേസയുടെ മിഷനറി പ്രവര്‍ത്തനങ്ങളെക്കുറിച്ച്‌ ഡോക്യുമെന്ററിയും നിർമ്മിച്ച് മാല്‍ക്കം മദറിന്റെ പബ്ലിസിറ്റി ഭംഗിയായി നിർവഹിച്ചു.
1970 ൽ മദർ തെരേസയെക്കുറിച്ചുള്ള ബി.ബി.സി ഡോക്യുമെന്ററി കണ്ട് ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും യുവതികൾ മിഷണറീസ് ഓഫ് ചാരിറ്റിയിൽ ചേരാൻ സമ്മതം പ്രകടിപ്പിച്ച് മദറിനെ ബന്ധപ്പെടുകയുണ്ടായത്രെ.

Smart-Quotes-44433-statusmind.com

ജനതാ പാര്‍ട്ടി എംപിയായിരുന്ന ഒ.പി.ത്യാഗി 1978 ല്‍ പാര്‍ലമെന്റില്‍ അവതരിപ്പിച്ച മതപരിവര്‍ത്തന നിരോധന ബില്ലിനെ എതിര്‍ത്ത് പ്രധാനമന്ത്രിയായിരുന്ന മൊറാര്‍ജി ദേശായിക്ക് മദര്‍ തെരേസ തുറന്നകത്തെഴുതുകയുണ്ടായി. സേവനപ്രവര്‍ത്തനവും മതപരിവര്‍ത്തനവും ഒന്നിച്ചുപോവില്ലെന്നചുട്ടമറുപടിയാണ് മൊറാര്‍ജി അന്ന് തെരേസയ്ക്ക് നല്‍കിയത്.

1997ൽ മരണമടയുന്നതിനു മുമ്പ് തന്നെ മദർ തെരേസ പല ആരോപണ വിധേയയായിട്ടുണ്ട് . രോഗികളെ പരിചരിക്കുന്നത്തിനായി സ്വീകരിച്ച പ്രാകൃതരീതികളും വൃത്തിഹീനതയും പിശുക്കും മനുഷ്യത്തമില്ലായ്മയും, വിവാദപരമായ രാഷ്ട്രീയ ബന്ധങ്ങള്‍, പണം കൈകാര്യം ചെയ്യുന്നതിലെ ദുരൂഹത, ഗര്‍ഭഛിദ്രം, ഗര്‍ഭനിരോധനം, വിവാഹമോചനം എന്നീ വിഷയങ്ങളിലെ യാഥാസ്ഥിതികവും പിന്തിരിപ്പനുമായ നിലപാടുകൾ തുടങ്ങിയ ഒട്ടനവധി വശങ്ങൾ വിവാദപരം ആയിരുന്നു. കൂടാതെ, മരണാസന്നനായ രോഗികളെയും ദരിദ്രരെയും സേവിക്കുന്നതിനേക്കാൾ മതഭ്രാന്ത് നിറഞ്ഞ മതപരിവർത്തനശ്രമങ്ങൾക്ക് പ്രാമുഖ്യം നൽകിയതും വിമര്ശനവിധേയമായി.
1994 ൽ, ബ്രിട്ടീഷ് നാസ്തികൻ ക്രിസ്റ്റഫർ ഹിച്ചൻസും ബ്രിട്ടീഷ് പാകിസ്ഥാനി പത്രപ്രവർത്തകൻ താരിഖ് അലിയും ചേർന്ന് മദറിനെ കുറിച്ച് കടുത്ത വിമർശനങ്ങൾ നിറഞ്ഞ ഒരു ഡോക്യുമെന്ററി, ‘നരകത്തിന്റെ മാലാഖ’ എന്ന പേരിൽ നിർമ്മിക്കുകയുണ്ടായി. മിഷനറീസ് ഓഫ് ചാരിറ്റിയുടെ സ്ഥാപനങ്ങളിലെ അന്തേവാസികൾക്കായി ഒരുക്കിയ പ്രാകൃതവും പരിതാപകരവുമായ സൗകര്യങ്ങൾ കണ്ടിട്ട് ഒരു പത്രപ്രവത്തക അതിനെ നാസി ജർമ്മനിയിലെ ബെർഗെൻ-ബെൽസെൻ കോണ്സെന്ട്രേഷൻ ക്യാമ്പിന്റെ ഫോട്ടോകളോട് തുലനം ചെയുന്നു. രോഷാകുലനായ ഹിച്ചൻസ് ‘മരണത്തിന്റെയും പീഡനത്തിന്റെയും ഉപാസനാരീതി” എന്നാണു മദറിന്റെ രീതികളെ വിശേഷിപ്പിക്കുന്നത്. വൃത്തിഹീനമായ സാഹചര്യങ്ങളില്‍ മതിയായ ആഹാരമോ വേദനസംഹാരിയോ പരിചരണമോ ലഭിക്കാതെയാണ്‌ രോഗികള്‍ ഇവിടെ കഴിഞ്ഞിരുന്നതെന്ന്‌ ഡോക്ടര്‍മാര്‍ തന്നെ സാക്ഷ്യപ്പെടുത്തുന്നുണ്ട്‌. അവശരുടെ സേവനം ലക്ഷ്യമാക്കി ലക്ഷക്കണക്കിന്‌ രൂപ ലഭിക്കവേയാണ്‌ രോഗികള്‍ക്ക്‌ ഇത്തരത്തില്‍ കഴിയേണ്ടി വന്നത്‌. പ്രാര്‍ത്ഥനയ്ക്കായിരുന്നു മദര്‍ പ്രാധാന്യം നല്‍കിയിരുന്നതെന്നും അവശരായ രോഗികളോട്‌ ക്രിസ്തുവിനെപ്പോലെ വേദന സഹിക്കാന്‍ ഉപദേശിക്കുമായിരുന്നെന്നും ഗവേഷകര്‍ പറയുന്നു.

166448799
മാത്രമല്ല, മദർ തെരേസ ഒരു യാഥാസ്ഥിതികയും ലോകത്തിന്റെ വിവിധ കോണുകളിലുള്ള കുറ്റാരോപിതരിൽ നിന്നും കടുത്ത മനുഷ്യാവകാശ ധ്വസകരിൽ നിന്നും പോലും പണം സ്വീകരിക്കുകയും ചെയ്തിരുന്നു എന്നും ഡോക്യുമെന്ററി ആരോപിക്കുന്നു. ഹെയ്റ്റിയിലെ ഏകാധിപതിയായിരുന്ന ഴാങ് ക്ളോഡ് ദുവലിയെ, വിവാദനായകനായ അമേരിക്കൻ ചാൾസ് കീറ്റിംഗ്, അല്‍ബേനിയന്‍ സമഗ്ര കമ്മ്യൂണിസ്റ്റ്‌ ഏകാധിപതിയും ലക്ഷക്കണക്കിന്‌ മനുഷ്യരെ കൊലപ്പെടുത്തി അവരുടെ ധനവും വസ്തുവകകളും കൈക്കലാക്കിയ ചരിത്രമുള്ള എന്‍വര്‍ഹോസ്ക എന്നിവരെല്ലാം അതിൽ ചിലരാണ്. ഇവരുടെ ആഥിത്യം സ്വീകരിക്കുകയും അമിതമായ ധനം സമ്പാദിക്കുകയും ചെയ്ത മദറിന്‌ അതിൽ യാതൊരുവിധ കുണ്ഠിതവും തോന്നുന്നില്ല എന്ന് മാത്രമല്ല, ഇത്രയധികം ധനം കുമിഞ്ഞു കൂടിയിട്ടും രോഗികളുടെ സൗകര്യം മെച്ചപ്പെടുത്തുവാനോ എന്തിനു, ഒരു ഡിസ്പോസിബിൾ സിറിഞ്ചുപയോഗിക്കാനോ അവർ തയ്യാറായില്ല. രോഗികള്‍ക്ക്‌ വേണ്ട ഡ്രിപ്പ്‌ സൂചികള്‍ കഴുകി സ്റ്റെറിലൈസ്‌ ചെയ്യാതെ വീണ്ടും വീണ്ടും ഉപയോഗിക്കുന്നതിനെപ്പറ്റി ചോദിച്ചപ്പോള്‍ ഒരു കന്യാസ്ത്രീയുടെ മറുപടി ഇതായിരുന്നു: “അതില്‍ യാതൊരര്‍ത്ഥവുമില്ല. പോരെങ്കില്‍ ഇവിടെ അതിനൊന്നും സമയവുമില്ല.”
അന്താരാഷ്ട്രതലത്തിൽ ‘നരകത്തിന്റെ മാലാഖ’ വലിയ സംവാദങ്ങൾക്കു വഴിമരുന്നിട്ടു. തുടർന്ന് ഹിച്ചൻസ് ‘മിഷനറി പൊസിഷൻ’ എന്നൊരു ലേഖനവും പ്രസിദ്ധീകരിച്ചു. ന്യൂ യോർക്ക് ടൈംസിൽ കുറിച്ചത് പോലെ, പാവങ്ങളെ തന്റെ യാഥാസ്ഥിതിക റോമൻ കത്തോലിക്കാ മതവിശ്വാസ സംഹിതകളുടെ വ്യാപനത്തിന് വേണ്ടി ഉപയോഗിച്ച ഒരു തികഞ്ഞ മതഭ്രാന്തി മാത്രമായിരുന്നു കൊൽക്കത്തയിലെ തെരേസ എന്ന അനുമാനത്തിലാണ് തന്റെ പഠനസപര്യയിലൂടെ ഹിച്ചൻസ് എത്തിച്ചേർന്നത്.
എണ്ണായിരത്തോളം മനുഷ്യജീവനുകള്‍ പിടഞ്ഞുമരിച്ച ഭോപാൽ ദുരന്തം മദര്‍ തെരേസയ്ക്ക് വെറുമൊരു അപകടം മാത്രമായിരുന്നു. ഭോപ്പാല്‍ ദുരന്തത്തിന് ഉത്തരവാദിയായ യൂണിയന്‍ കാര്‍ബൈഡിന്റെ മേധാവി വാറന്‍ ആന്‍ഡേഴ്‌സണ്‍ ദുരന്തത്തില്‍നിന്ന് ജനശ്രദ്ധ തിരിക്കാന്‍ എന്തുചെയ്യണമെന്ന് സുവിശേഷകയായ ഇന്ദിരാ അയ്യങ്കാറുമായി നടത്തിയ ചർച്ചയിൽ മദര്‍ തെരേസയുടെ ‘മിഷണറീസ് ഓഫ് ചാരിറ്റി’ക്ക് സംഭാവന നല്‍കാമെന്നാണ് തീരുമാനിച്ചത്. സംഭാവന നൽകുന്നവരെ സംരക്ഷിക്കേണ്ടത് ഒരു ദൈവപുത്രിയുടെ കടമയല്ലേ? സാമ്പത്തികത്തട്ടിപ്പിൽ അമേരിക്കൻ സ്പോൺസർ ചാൾസ് കീറ്റിംഗ് പിടിയിലായപ്പോൾ അദ്ദേഹത്തിനു വേണ്ടി മദർ നടത്തിയ വക്കാലത്തും ഇതേ കാരണം കൊണ്ട് തന്നെയായിരുന്നിരിക്കും.
എന്നാൽ, മദർ തെരേസയെ വിമർശിക്കുന്നത് കൊടും പാപം ആണെന്ന കാഴ്ചപ്പാടാണ് എന്നും ഇന്ത്യൻ മാധ്യമങ്ങൾ പുലർത്തിപോന്നിട്ടുള്ളത്. എപ്പോഴൊക്കെ അവർ വിമര്ശിക്കപ്പെട്ടിട്ടുണ്ടോ, അപ്പോളൊക്കെ അവരുടെ വിഗ്രഹത്തെ സംരക്ഷിക്കുന്നതിനായി ഏതു അറ്റം വരെ പോകാനും സംഘടിത പ്രചാരവേലക്കാർ തുനിഞ്ഞു. വന്നു വന്നു വത്തിക്കാന്റെ ഭാഷ്യം മാത്രമാണ് മദറിനെ കുറിച്ച് പറയാൻ ഭാരതത്തിൽ അനുവാദമുള്ളൂ എന്ന നിലയാണ്.

“തങ്ങൾ ഇവിടെ സേവനം ചെയ്യാൻ അല്ല, ക്രിസ്തുവിനുവേണ്ടിയാണ് വന്നിരിക്കുന്നത്. എല്ലാത്തിനും ഉപരിയായി ഞങ്ങൾ മതപ്രവർത്തകരാണ്. ഞങ്ങൾ ഡോക്ടർമാരോ, അധ്യാപകരോ സാമൂഹ്യപ്രവർത്തകരോ അല്ല, കന്യാസ്ത്രീകളാണ്” എന്ന് മദർ ഹൌസിനു മുകളിൽ മദർ തെരേസ തൂക്കിയ പ്ലക്കാർഡിൽ രേഖപ്പെടുത്തിയിട്ടുണ്ട്. ‘വത്തിക്കാന്റെ പെയ്ഡ് വര്‍ക്കര്‍’ എന്നാണ് പലപ്പോഴും അവര്‍ വിശേഷിപ്പിക്കപ്പെട്ടിട്ടുള്ളത്.

മരണാനന്തരം മദർ തെരേസയെ വിശുദ്ധയാക്കാൻ വത്തിക്കാൻ പല കീഴ്വഴക്കങ്ങളും കാറ്റിൽ പറത്തി. യുക്തിക്കു നിരക്കാത്ത രോഗശാന്തിയും അദ്‌ഭുതപ്രവർത്തികളും ഭാരതത്തിൽ ആധുനികതയുടെ കാവലാളായി വർത്തിക്കുന്ന അഭിനവ ഇടതു പക്ഷത്തിനു അന്ധവിശ്വാസങ്ങളായി തോന്നിയിട്ടേ ഇല്ല. “ഇവിടെ മതം മാറ്റത്തിനല്ല പ്രസക്തി.വിശക്കുന്നവനു ആഹാരം കൊടുക്കുന്നുണ്ടോ ഇല്ലാത്തവനെ സഹായിക്കുന്നുണ്ടോ എന്നതാണു” എന്ന് പറഞ്ഞു മദറിനെ വിമർശിക്കുന്നവരെ നേരിടുന്ന ഇടതുപക്ഷ, മാധ്യമങ്ങളോ പുരോഗമന ചിന്തകരോ ഒന്നും തന്നെ കുഷ്ഠരോഗികളെ സേവിച്ച ബാബ ആംതെ, ലോകത്തിൽ ഏറ്റവും അധികം കുഷ്ഠരോഗികളെ ജീവിതത്തിലേക്ക് മടക്കി കൊണ്ട് വന്ന അവധൂധ ഭഗവാൻ രാം കുഷ്ഠ സേവ ആശ്രമം എന്നിവരെയൊന്നും പറ്റി ഒരു വാക്ക് പോലും നല്ലതു പറയാൻ ശ്രമിച്ചിട്ടില്ലെന്നതും ഇരട്ടത്താപ്പ് വ്യക്തമാക്കുന്നു. പാവങ്ങളെ മരിക്കാൻ സഹായിച്ചതോ ജീവിതം നൽകിയതോ യഥാര്‍ത്ഥ മനുഷ്യസ്നേഹം? വത്തിക്കാൻ എന്ന സ്വതന്ത്ര രാഷ്ട്രത്തിന്റെ താൽപര്യങ്ങൾക്കനുസൃതമായി മാത്രം ചിന്തിക്കുന്ന പാവകളെ ആണോ നാം പരിഷ്കൃത സമൂഹം എന്ന് വിളിക്കുക?

ഒന്നാം സഹസ്രാബ്ദത്തില്‍ യൂറോപ്പിനേയും രണ്ടാം സഹസ്രാബ്ദത്തില്‍ ആഫ്രിക്കയേയും സുവിശേഷവല്‍ക്കരിച്ച നാം മൂന്നാം സഹസ്രാബ്ദത്തില്‍ ഏഷ്യയെയാണ് ലക്ഷ്യംവെക്കേണ്ടത് എന്നാണല്ലോ ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പ ഭാരതത്തില്‍വന്ന് ആഹ്വാനം ചെയ്തത്. ആ ലക്ഷ്യത്തിലേക്കുള്ള സഭയുടെ മാലാഖയാണ് മദർ തെരേസ. അതാണ് മദറിനെ നോബൽ ജേതാവും വിശുദ്ധയും ആക്കുന്നതും.

One thought on “നരകത്തിന്റെ മാലാഖ : ആഗ്നസ് ഗോംക്സ് ബൊയാക്സ്യു

Leave a Reply

Please log in using one of these methods to post your comment:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Google photo

You are commenting using your Google account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s