തദ്ദേശീയരുടെ ആചാരാനുഷ്ഠാന കായികകലകളോടുള്ള ക്രിസ്തുമതത്തിന്റെ വിദ്വേഷം

പാഗൻ സമ്പ്രദായങ്ങളിൽ ഉത്സവങ്ങൾ ആ സംസ്കാരത്തിന്റെ ഊർജ്ജത്തെ സാക്ഷാത്കരിക്കുന്ന അവസരങ്ങളാണ്. പുരാതന റോമാസാമ്രാജ്യത്തിലെ തദ്ദേശീയ പാഗൻ സമ്പ്രദായത്തിന്റെ മരണമണി മുഴങ്ങിയത് അവരുടെ പൊതു ആഘോഷങ്ങൾ നിരോധിക്കപെട്ടതോടു കൂടെയാണ്.

 റോം ക്രൈസ്തവവൽക്കരിക്കപ്പെട്ടതിനു പിന്നാലെ ആചാരാനുഷ്ടാനങ്ങളിലധിഷ്ടിതം ആയ പൊതുജനങ്ങളുടെ കായികവിനോദങ്ങളും വൻ തോതിൽ അടിച്ചമർത്തപ്പെടുകയുണ്ടായി. പലപ്പോഴും പാഗൻ ജനതയുടെ കായിക വിനോദങ്ങൾ ശക്തി, സൗന്ദര്യം, വിജയം എന്നിവയെ പ്രകീർത്തിച്ചു കൊണ്ട് ആചാരാനുഷ്ഠാനങ്ങളോട് ഇഴുകിച്ചേർന്നിരുന്നു. ദേവതകൾ പലപ്പോഴും യോദ്ധാക്കൾ ആയാണ് ചിത്രീകരിക്കപ്പെട്ടത്. ഇതിൽ നിന്നും തീർത്തും വ്യത്യസ്ഥമായി, അബ്രഹാമിക മതാനുയായികൾ ഇരവാദവും പീഡനവും വേദനയും മഹത്വവൽക്കരിച്ചു. ഒരു ദയനീയ ഇര ആവുന്നത് ഒരു യോഗ്യത ആയി ചിത്രീകരിക്കപ്പെട്ടു. ശരീരം സ്വാഭാവികമായി തിന്‍മനിറഞ്ഞതാണെന്നും അതിനാൽ തന്നെ ശരീരം ആത്മാവിനേക്കാൾ അധമമായി മാത്രമേ നിലനിൽക്കാവൂ എന്നും സഭ കരുതി പോന്നു. അതുകൊണ്ട് തന്നെ, കായികപരിശീലനത്തിന് ചിലവഴിക്കുന്ന സമയം കൂടെ ആത്മീയതയ്ക്കു വേണ്ടി വിനിയോഗിക്കണം എന്നായിരുന്നു സഭയുടെ വിശ്വാസം. യഥാസ്ഥിതിക നിഷ്‌ഠാഭ്രാന്തന്‍മാർ ഏതൊരു വിധത്തിലുമുള്ളതായ വിനോദങ്ങൾക്കായി സമയം ചിലവഴിക്കുന്നതും വ്യക്തികൾക്ക് ഏതെങ്കിലും തരത്തിൽ ആനന്ദദായകമായി വർത്തിക്കുന്നതും ആയ ഏതും തിൻമ ആയി നിർവചിക്കുകയുണ്ടായി. പാഗൻ സമൂഹങ്ങളുടെ കായിക മേളകൾ അവരുടെ സമൂഹത്തിൽ നിലനിൽക്കുന്ന പ്രാകൃത മൃഗീയതയുടെ ചിഹ്നങ്ങളായി ചിത്രീകരിക്കപ്പെട്ടു. ക്രിസ്ത്യൻ സൈദ്ധാന്തികർ ഈ ആചാരങ്ങളെ ‘ദുരാചാരമായി’ കണക്കാക്കി.

സൈനിക, പാഗൻ രംഗകലകൾ, ലൗകിക സംസർഗം, രക്തചൊരിച്ചിൽ എന്നീ കാരണങ്ങളാൽ തന്നെയാണ് ക്രിസ്ത്യാനികൾ റോമൻ കായിക വിനോദങ്ങളെ വിമർശിച്ചത്. തൊഴിൽ ഉപേക്ഷിക്കാതെ അവർ ഗ്ലാഡിയേറ്റർമാരെ മാമ്മോദീസ മുക്കാൻ തയ്യാറായില്ല. വീണ്ടും വിനോദങ്ങളിൽ പങ്കുചേർന്നവരെ ഭ്രഷ്ടരാക്കുകയുമുണ്ടായി. പാഗൻ ജീവിതരീതികളിൽ നിന്നും ഉത്ഭവിച്ചതിനാൽ “സദാചാര വിരുദ്ധത പ്രോത്സാഹിപ്പിക്കുന്ന, ചൂതാട്ടവും  വേശ്യാവൃത്തിയും നടക്കുന്ന അരങ്ങുകളിൽ നടക്കുന്ന വിനോദങ്ങൾ എല്ലാം തന്നെ  ദൈവത്തിന്റെ സൃഷ്ടികളെ ക്രൂരമായി ദുരുപയോഗിക്കുകയാണെന്നും” ആക്ഷേപിച്ചു കൊണ്ടാണ് റ്റെർറ്റുലിയാനുസ് റോമൻ കായികവിനോദങ്ങളെ ആക്രമിച്ചത്. ഡി സ്പെക്റ്റാക്കുലിയസ് എന്ന കൃതിയിൽ, മല്ലയുദ്ധങ്ങളെ ദൈവം സൃഷ്‌ടിച്ച ശരീരങ്ങളെ വികലമാക്കുന്നതിനാൽ ദൈവകോപം വരുത്തിവെച്ചു ശിക്ഷ വാങ്ങി കൂട്ടുന്ന പ്രവർത്തിയായി ചിത്രീകരിച്ചിരിക്കുന്നു.

“നിങ്ങളുടെ പൊതു വിനോദങ്ങൾ അവയുടെ ഉത്ഭവം അന്ധവിശ്വാസങ്ങളിൽ അധിഷ്ടിതമാനെന്നതിനാൽ ഞങ്ങൾ നിരാകരിക്കുന്നു. ഈ മത്സരങ്ങളുടെ എല്ലാം അടിസ്ഥാനശിലകൾ വിഗ്രഹാരാധനാ സമ്പ്രദായങ്ങളാൽ മöലിനമാക്കപ്പെട്ടതാണ് എന്നതിൽ അത്ഭുതപ്പെടാൻ എന്തിരിക്കുന്നു ? കുതിരകളെ ഈ കായികവിനോദങ്ങൾക്കായി കൊണ്ടുവന്നപ്പോൾ ദൈവം മനുഷ്യന് നല്കിയ മനോഹരവരമായ ആ ജീവി ചെകുത്താനെ സേവിക്കാൻ ഉപയോഗിക്കുകയാണുണ്ടായത്. എത്ര മനുഷ്യരെ ഉൾക്കൊള്ളാൻ ആംഫിതിയറ്ററിന് കഴിയുമോ അത്രയും ദുഷിച്ച ആത്മാക്കളാണ് അവിടെ സമ്മേളിച്ചിരുന്നത്. “   — ഡി സ്പെക്റ്റാക്കുലിയസ്

josia

കൊണ്സ്ടന്റിൻ ചക്രവർത്തിയുടെ കീഴിൽ പാഗൻ ആഘോഷങ്ങളും ആചാരങ്ങളും അനുഷ്ഠാനങ്ങളും നിരുത്സാഹപ്പെടുത്തുകയും കായിക സമ്പ്രദായങ്ങളിൽ നിന്നും പാഗൻ അംശങ്ങൾ നീക്കപ്പെടുകയും ചെയ്യപ്പെട്ടു. അക്രൈസ്തവ പ്രവൃത്തികൾക്കെതിരായി ശക്തമായ നടപടികളെടുത്ത തിയോഡോഷ്യസ് ഒന്നാമന്റെ കാലഘട്ടം പാഗൻ സമ്പ്രദായങ്ങൾക്കെതിരായുള്ള ജൈത്രയാത്രയുടെ കാലമായിരുന്നു. പൊ. വ. 380ൽ ക്രിസ്തുമതം റോമാസാമ്രാജ്യത്തിന്റെ ഔദ്യോഗിക മതം ആയി തിയോഡോഷ്യസ് പ്രഖ്യാപിച്ചു. തുടർന്ന്, പൊ വ 391ഉം 392 ഉം ആണ്ടുകളിലായി ബലി, ഉദകദാനം, തർപ്പണം, അഭിഷേകം, മാലചാർത്തൽ തുടങ്ങിയ ചടങ്ങുകൾ തന്റെ സാമ്രജ്യത്തിലുടനീളം നിരോധിക്കുകയുണ്ടായി. ഈ പരിഷ്കാരങ്ങൾ ഒളിമ്പിക്സ് ആചാരങ്ങളിലും ഗണ്യമായ ഹാനിവരുത്തുകയുണ്ടായി. ഒളിമ്പിയ മാത്രമല്ല മറ്റു പല പ്രാചീനമായ ഉത്കൃഷ്ട ദേവസ്ഥാനങ്ങൾക്കും നിരോധനം നേരിടേണ്ടി വന്നു. പാഗൻ ആചാരാനുഷ്ഠാനങ്ങൾ അത്രമാത്രം അന്തർലീനമായതിനാൽ ഒളിമ്പിക്സ് ആചരണം വളരെയധികം വികലമാക്കപ്പെട്ടു. പൊ വ 426ൽ തിയോഡോഷ്യസ് രണ്ടാമൻ സീയൂസ് ദേവന്റെ ക്ഷേത്രവും മറ്റു ഒളിമ്പിക് മന്ദിരങ്ങളും അഗ്നിക്കിരയാക്കിയതോടെ ഈ നശീകരണപ്രവർത്തനങ്ങൾ അതിന്റെ പൂർണ്ണരൂപത്തിലായി. നാൽപ്പതിനായിരത്തിലധികം പുരുഷാരങ്ങളെ ഉൾക്കൊള്ളാൻ കഴിയുമായിരുന്ന ഒളിമ്പിയയിലെ മഹാസ്റ്റേഡിയം തകർക്കപ്പെട്ടു. പിന്നീട്, അഞ്ചാം നൂറ്റാണ്ടോടെ ഒളിമ്പിയ ക്രിസ്ത്യൻ കേന്ദ്രമായി മാറി. ചരിത്രം ഉറങ്ങുന്ന ഒട്ടേറെ കെട്ടിടങ്ങൾ പള്ളിഏറ്റെടുക്കുകയോ നിലംപരിശാവുകയോ ചെയ്തു. യുക്തിമൂലകത്വത്തിനും അത്ഭുതപ്രവൃത്തികളിൽ അധികരിച്ച ആരാധാനാസമ്പ്രദായങ്ങൾക്കും ക്രിസ്ത്യൻ നവീകരണപ്രവണതയ്ക്കും ഇരയായി ഗ്രീക്ക് മനസ്സുകളുടെ മേൽ പാഗൻ സമ്പ്രദായങ്ങൾക്കുണ്ടായിരുന്ന സ്വാധീനം നഷ്ടപ്പെട്ടുപോയി. sackrome

പൊ വ 500ൽ, തിയോഡോരിക് ചക്രവർത്തി ദൈവത്തിന്റെ സാദൃശ്യത്തിൽ സൃഷ്ടിക്കപ്പെട്ട മനുഷ്യരുടെ മുഖങ്ങളെ വികൃതമാക്കുന്നതു സർവശക്തനായ ദൈവത്തെ നിന്ദിക്കുകയാണെന്ന വിശ്വാസത്താൽ മല്ലയുദ്ധം നിരോധിച്ചു. സ്വകാര്യ ഇടങ്ങളിലും ഗ്രീക്ക് ദേവതകളുടെ വിഗ്രഹങ്ങളും പ്രതിരൂപങ്ങളും ഏതെങ്കിലും വിധത്തിലുള്ള പുനരാവിഷ്കാരങ്ങളും പൂർണ്ണമായി നിരോധിക്കപ്പെട്ടു.

ഏകദൈവാരധകരുടെ വിരസമായ സമ്പ്രദായത്തിന്റെ പിടിയിലമാരുന്നതിനു മുമ്പ് മഴദൈവത്തിന്റെ പ്രസിദ്ധ ആരാധനാകേന്ദ്രമായ ഗാസയിലും മറ്റും അനേകം ക്ഷേത്രങ്ങൾ തകർക്കപ്പെട്ടതായ് പറയപ്പെടുന്നു.

കാലങ്ങൾക്ക് ശേഷം, ഭാരതത്തെ കീഴടക്കിയ ക്രിസ്ത്യൻ അധിനിവേശ ശക്തികൾക്കു ഭാരതഖണ്ഡത്തിലെ പാഗൻ സമൂഹത്തോടുണ്ടായ മനോഭാവവും വ്യത്യസ്തമായിരുന്നില്ല.

മഹാരാജാ രഞ്ജിത്ത് സിംഗിന്റെ സേനാംഗങ്ങൾ മല്ലയുദ്ധം പരിശീലിക്കുന്നത് കണ്ട ഫ്രഞ്ച് ജനറൽ ജീൻ ഫ്രൻഷ്യസ് അല്ലാര്ഡ് 1836ൽ ഒരു ഫ്രഞ്ച് ജേർണലിന് നല്കിയ അഭിമുഖത്തിൽ ഇങ്ങനെ പറഞ്ഞു : “ രഞ്ജിത്ത് സിംഗിന്റെ സേനയിൽ പട്ടാളക്കാർ തമ്മിലുള്ള വഴക്കുകൾ തീർക്കുന്നത്‌ അവരുടെ മുഷ്ടികൾ കൊണ്ടാണ്; അഭിപ്രായവ്യത്യാസങ്ങൾ പരിഹരിക്കുന്നതിന് സ്വീകരിക്കാവുന്നതിൽ ഏറ്റവും അക്രൈസ്തവമായ, നൃശംസമായ രീതി.”

മുഷ്ടിയുദ്ധവും, മറ്റു ഭാരതീയ ആയോധനകലകളായ സിലംബം, കളരിപയറ്റു തുടങ്ങിയവയെല്ലാം തന്നെ ബ്രിട്ടീഷ് ഭരണകാലത്ത് നിരോധിക്കപ്പെടുകയുണ്ടായി. പൊതുവേ, ബ്രിട്ടീഷ് ഭരണകാലത്ത് ഒരു നിരായുധീകരണനയം നിലവിലുണ്ടായിരുന്നു. പഴശ്ശിരാജാവിന്റെ നേതൃത്വത്തിലുള്ള തദ്ദേശീയരുടെ ചെറുത്തു നിൽപ്പ് കാരണം മലബാറിൽ ബ്രിട്ടീഷ് സേനയുടെ വിന്യാസം ശക്തമാക്കുകയും, നാടൻ ജനതയുടെ ആയോധന മികവു നിർജ്ജീവമാക്കുകായും ചെയ്തു. 1857 ലെ ഒന്നാം സ്വാതന്ത്ര്യസമരത്തിന്‌ ശേഷം, രാജ്യമെങ്ങും യുദ്ധമുറകളിൽ നിപുണരായ ജനവിഭാഗങ്ങളെ നിരായുധരാക്കാനുള്ള ശ്രമങ്ങൾ ഊര്ജ്ജിതമായി നടന്നു പോന്നു. നാടുകടത്തലായിരുന്നു ആയുധം കൈവശം വയ്ക്കുന്നതിനുള്ള ശിക്ഷ. കളരികൾ തോറും വീടുകൾ തോറും റെയിഡ് നടത്തി ആയുധങ്ങൾ കണ്ടു കെട്ടിയിരുന്നു എന്ന് പറയാം.

എന്നിട്ടും കേരള ജനത കളരി പരമ്പരയും ആയോധന പാടവവും കൈമോശം വരാതെ സംരക്ഷിച്ചു എന്നത് അഭിമാനാർഹമായ വസ്തുതയാണ്. പൂർവസൂരികൾ പകർന്നു തന്ന ജ്ഞാന പ്രകാശത്തെ തലമുറകളിലേക്ക് പകർന്നു നൽകാൻ നമ്മുടെ പൂർവികർ കാണിച്ച കരുതലും ശുഷ്കാന്തിയും നമുക്ക് ഒരു പാഠമാവട്ടെ.

silambam2.jpg

Christianity and the Roman Games: By Richard F. Devoe

The history of the decline and fall of the Roman empire, Volume 2: By Edward Gibbon

Sports in the Western World: William Joseph Baker

Hellenic Religion and Christianization

Leave a Reply

Please log in using one of these methods to post your comment:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Google photo

You are commenting using your Google account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s