അഹല്യാബായി ഹോൾക്കർ: ഭാരതസ്ത്രീത്വത്തിൻ മാർഗദീപം

യൂറോപ്പ് കേന്ദ്രീകൃത മനോഭാവം പൊതുവേ സ്ത്രീകളെ പൊതുരംഗത്തു നിന്നും അകറ്റി വെച്ച ഒരു സമൂഹമായാണ് ഭാരതത്തെ ചിത്രീകരിക്കാൻ താൽപ്പര്യപ്പെടാറ്. തൽഫലമായുള്ള അനേകം അബദ്ധധാരണകൾ ഭാരതത്തിലെ പൂർവസൂരികളെ കുറിച്ച് സമൂഹത്തിന്റെ പൊതുബോധത്തിൽ രൂഢമൂലമായിത്തീർന്നിരിക്കുന്നു. ഭാരതത്തിൽ എണ്ണംപറഞ്ഞ ഒരു പാട് സ്ത്രീ ഭരണാധികാരികളും യോദ്ധാക്കളും കവയിത്രികളും വാണിട്ടുണ്ട്. ഭരണനൈപുണ്യം, സ്വാത്വികത, ധർമ്മോദ്ധാരണം എന്നീ ഗുണഗണങ്ങളിലൂടെ 30 വർഷം മാൾവയെ ഭരിച്ച മഹാറാണി അഹല്യാഭായി ഹോൾക്കർ ഭാരത ചരിത്രത്തിലെ മഹദ് വ്യക്തികളിലൊരാളാണ്.

മാൻഖോജി ഷിൻഡേയുടെ മകളായി 1725 ൽ മഹാരാഷ്ട്രയിലെ ഭിഡ് ജില്ലയിലെ ചോണ്ഡി ഗ്രാമത്തിലാണ് അഹല്യബായി ജനിച്ചത്‌. പേഷ്വ ബാജിരാവുവിന്റ സേനാപതിയായിരുന്ന മൽഹർ റാവു ഹോൾക്കർ പൂനയിലേക്കുള്ള യാത്രാമധ്യേ ചോണ്ഡിയിലെ ക്ഷേത്രത്തിൽ പൂജ ചെയ്തുകൊണ്ടിരുന്ന എട്ടു വയസ്സുകാരി ബാലികയുടെ ഭക്തിയും സ്വഭാവഗുണവും കണ്ടു തന്റെ പുത്രൻ ഖാണ്ടെ റാവുവിനു വധുവായി സ്വീകരിച്ചു എന്നാണ് പറയപ്പെടുന്നത്‌. അഹല്യാബായിയുടെ ഭർത്താവു 1754 ൽ യുദ്ധക്കളത്തിൽവെച്ച് മരണപ്പെട്ടു. പന്ത്രണ്ടു വർഷങ്ങൾക്കുശേഷം, മൽഹർ റാവു ഹോൾകറും ഇഹലോകവാസം വെടിഞ്ഞു. അതോടെ, 1766 മുതൽ 1795ൽ മരണം തന്നെ പുൽകുന്നതു വരെ അഹല്യാബായ് മാൾവയുടെ ഭരണാധികാരിആയിരുന്നു. അഹല്യാബായി അധികാരം ഏറ്റെടുക്കുന്നതിനോട് മാൾവയിലെ ചിലർ എതിർപ്പ് പ്രകടിപ്പിച്ചെങ്കിലും ഹോൾകർ സൈന്യം ആവേശത്തോട്‌ കൂടിയാണ് തങ്ങളുടെ റാണിയെ സ്വീകരിച്ചത്. പേഷ്വയുടെ അനുവാദത്തോട് കൂടെ, തുക്കോജി ഹോൾകർ സൈന്യാധിപനായി, അഹല്യാബായ് മാൾവയുടെ ചുമതലയേറ്റെടുത്തു.

Maharani  Ahilyabai Holkar _RSP

അഹല്യാബായ് ഒരിക്കലും പർദ്ദ സമ്പ്രദായം പാലിച്ചിരുന്നില്ല. ദിവസവും പൊതുസഭയും നടത്തപ്പെട്ടിരുന്നു. കീഴുദ്യോഗസ്ഥരോടും ഗ്രാമമുഖ്യന്മാരോടും എല്ലാം വളരെ ബഹുമാനപുരസ്സരം ആണ് അവർ ഇടപെട്ടിരുന്നത്.

 

 

 

ഇംഗ്ലീഷുകാരിൽ നിന്നുള്ള ഭീഷണിയെക്കുറിച്ച് അവർ തികച്ചും ബോധവതിയായിരുന്നു. “ പേഷ്വ വേണ്ടത്ര ശിലേധാർമാരെ നിയമിച്ചു സ്ഥിരം പട്ടാളത്തിന്റെ വ്യാപ്തി കൂട്ടുക എന്നത് ആവശ്യകമായി തീർന്നിരിക്കുന്നു. നവാബ്, ഭോൻസലെ എന്നിവരെല്ലാം ചേർന്ന് ഒറ്റകെട്ടായി ഇംഗ്ലീഷുകാരെ അടിച്ചമർത്തേണ്ടത് അത്യാവശ്യമാണു. “ എന്ന് ഒരു കത്തിൽ അവർ പറയുന്നുണ്ട്. പക്ഷെ, സൈനികതീരുമാനങ്ങൾ അന്തിമമായി പേഷ്വായുടെതായിരുന്നു.

അഹല്യാബായുടെ ഭരണകാലത്ത് മാൾവാ മേഖലയിൽ പ്രാദേശികയുദ്ധങ്ങളാലോ ആക്രമണങ്ങളാലോ ഉള്ള ബുദ്ധിമുട്ടുകൾ നേരിടേണ്ടി വന്നിട്ടില്ല എന്നത് അവരുടെ കഴിവിന്റെ ദൃഷ്ടാന്തമായി കാണാവുന്നതാണ്. അമേരിക്കൻ ചരിത്രകാരൻ സ്റ്റീഫൻ ഗോർഡൻ അഹല്യാബായുടെ ഭരണം പതിനെട്ടാം നൂറ്റാണ്ടിലെ ഏറ്റവും സുദൃഡമായ ഭരണമായി കണക്കാക്കുന്നു. അഹല്യബായുടെ ഭരണമികവിനാൽ ഇൻഡോർ ഒരു മനോഹര നഗരമായി പുഷ്ടിപെട്ടുവെങ്കിലും, നർമ്മദാ നദീതീരത്തുള്ള മഹേശ്വർ എന്ന പട്ടണത്തിൽ താമസിക്കുവാനാണ് അവർ താല്പര്യപ്പെട്ടത്. മാൾവയിലുടനീളം കോട്ടകളും പാതകളും പണിത അഹല്യാബായ് ഒട്ടേറെ ക്ഷേത്രങ്ങൾക്ക് സ്ഥിരമായ്‌ സംഭാവനകളും നല്കിപോന്നു. കൂടാതെ, മാൾവയ്ക്ക് പുറത്ത് ഹിമാലയം മുതൽ ദക്ഷിണേന്ത്യയിലെ ചില തീർഥാടന കേന്ദ്രങ്ങളിൽ വരെ സത്രങ്ങളും, കുളങ്ങളും, കിണറുകളും, ഘാട്ട്കളും അവർ പണിയുകയുണ്ടായ്. സപ്തപുരികളായ കാശി, ഗയ, സോമനാഥ്, അയോധ്യ, മഥുര, ഹരിദ്വാർ, കാഞ്ചി, അവന്തി, ദ്വാരക, ബടരിനാരായണ, രാമേശ്വരം, ജഗന്നാഥപുരി തുടങ്ങിയിടങ്ങളിലെല്ലാം അഹല്യാബായിയുടെ നിസ്വാർത്ഥ സേവനങ്ങളുടെ മുദ്ര പതിഞ്ഞതായി ഭാരതീയ സംസ്കൃതികോശം പ്രതിപാദിക്കുന്നു. കർഷകരും, വണിക്കുകളും, കരകൌശലവിദഗ്ദ്ധരും മറ്റും ഐശ്വര്യത്തിന്റെ പടവുകൾ കയറുന്നത് കണ്ടു ആഹ്ളാദിച്ച അഹല്യാബായി ആ സമ്പത്ത് കവർന്നെടുക്കാൻ ആഗ്രഹിച്ചിട്ടേ ഇല്ല. നിയമപ്രകാരം യോഗ്യമായ നികുതിവരുമാനം കൊണ്ട് മാത്രം തന്നെ തന്റെ രാജ്യത്തെ സമൃദ്ധമാക്കാൻ ആ മഹിളാരത്നത്തിനു കഴിഞ്ഞു.

ദേവി അഹല്യാബായ് ശിവ ഭക്ത ആയിരുന്നെങ്കിലും ഏതൊരു ഹിന്ദുവിനെയും പോലെ മറ്റുള്ള ദേവതകളെയും ആദരിച്ചുപോന്നു. ശിവഭഗവാന്റെ 12 ജ്യോതിർലിംഗങ്ങളിൽ സോമനാഥം, മല്ലികാർജ്ജുന (കുർണൂൽ ), ശ്രി ഓംകാരേശ്വർ, ശ്രി വൈജ്നാഥ് , ശ്രി നാഗനാഥ്, കാശി വിശ്വനാഥ്, ശ്രി ത്രയമ്പകേശ്വർ(നാസിക് ), ശ്രി ഗിരിഷ്നേശ്വര എന്നീ 8 ഇടങ്ങളിൽ അഹല്യാദേവി നടത്തിയ സംഭാവനകളും നിർമ്മാണപ്രവർത്തനങ്ങളും സംബന്ധിച്ചുള്ള വ്യക്തമായ വിവരങ്ങൾ ഹോൾകർ ഔദ്യോഗിക രേഖകളിൽ ലഭ്യമാണ്. ഇസ്ലാമിക ആക്രമണങ്ങളിൽ തകർന്നടിഞ്ഞതിൽ നിന്നും 1789 ൽ, കത്യവാറിലെ പ്രസിദ്ധമായ സോമനാഥക്ഷേത്രം പുനർനിർമ്മിച്ച മറാത്താപ്രഭൃതികളിൽ അഹല്യാ ദേവി അഗ്രഗണ്യയാണ്. ഓറംഗസേബ് തകർത്ത കാശി വിശ്വനാഥ് ക്ഷേത്രത്തിനടുത്ത് പുതിയ ക്ഷേത്രം പണിതുയർത്തിയ അഹല്യാ ദേവി ഗംഗാ മന്ദിർ, മണികർണ്ണിക ഘാട്ട്, ദശാശ്വമേധ ഘാട്ട് എന്നിവിടങ്ങളിൽ ചെറിയ അമ്പലങ്ങൾ, ഏതാനം ധർമ്മശാലകൾ, ബ്രാഹ്മണ പണ്ഡിതർക്കായ് ബ്രഹ്മപുരി എന്നിവയും നിർമ്മിക്കുകയുണ്ടായി. ചിത്രകൂടത്തിലും ബനാറസിലും രാമചന്ദ്ര പഞ്ചായതവിഗ്രഹം പ്രതിഷ്ഠയ്ക്കായി കൊടുത്തയച്ചു.

അത് പോലെ തന്നെ, വിധവകൾക്കു പുത്രനെ ദത്തെടുക്കാനും ഭർത്താവിന്റെ സമ്പാദ്യം കൈവശം വെക്കാനുമുള്ള അവകാശം നല്കി.

കല, സംഗീതം, വ്യവസായ മേഖലകളിലും അഹല്യാബായുടെ ആസ്ഥാനനഗരിയായ മഹേശ്വർ ഇക്കാലഘട്ടത്തിൽ അഭിവൃദ്ധി പ്രാപിച്ചു. പ്രശസ്ത മറാത്തി കവി മോരോപന്ത്, ഷഹിർ അനന്തഫന്ടി, സംസ്കൃത പണ്ഡിതൻ ഖുഷാലി രാം എന്നിവരെല്ലാം റാണിയുടെ പ്രോത്സാഹനം ലഭിച്ചവരാണ്. അനേകം കര കൗശല വിദഗ്ദ്ധർക്കും, ശിൽപ്പികൾക്കും, ചിത്രകാരന്മാർക്കുമെല്ലാം പദവികളും പാരിതോഷികങ്ങളും ലഭിച്ചു പോന്നു. മഹേശ്വരിൽ വസ്ത്രനിർമ്മാണശാലകളും റാണി സ്ഥാപിച്ചു. വിശ്വ പ്രസിദ്ധമായ മഹേശ്വരി സാരി ഇവടെ നിർമ്മിക്കുന്നതാണ്.

അഹല്യാ ബായുടെ ശാലീനത അവരുടെ ഏറ്റവും മികച്ച ഗുണമായ് കരുതാവുന്നതാണ്. ഇത്രയധികം നേട്ടങ്ങൾ കൈമുതലായ ധീര യോദ്ധാവുമായ ആ മഹാറാണിക്ക് സ്വാഭാവികമായും ഔദ്ധത്യം ഒരു അലങ്കാരമാക്കാവുന്നതെയുണ്ടായിരുന്നുള്ളൂ, എന്നാൽ ഉപജാപക സംഘങ്ങളെ പരമാവധി അകറ്റി നിർത്തുകയാണ് അവർ ചെയ്തത്. സന്യാസ തുല്യമായ ലളിത ജീവിതം നയിച്ച്‌ സ്വന്തം കർത്തവ്യ പരിപാലനത്തിനാണ് ആ ധർമ്മിഷ്ഠ പ്രാമുഖ്യം നല്കിയത്. ഒരിക്കൽ അഹല്യാദേവിയെ പ്രകീർത്തിച്ചു എഴുതിയ പുസ്തകവുമായി ഒരു കവി ദേവിയെ കാണാൻ ചെന്നു. ആ പുസ്തകം വായിച്ച അവർ അത് പുഴയിലേക്ക് വലിച്ചെറിഞ്ഞു.

എഴുപതാമത്തെ വയസിൽ രാമേശ്വരത്ത് വച്ച് ഇഹലോകവാസം വെടിഞ്ഞ ദേവി അഹല്യാബായ് ഹോൾക്കർ ഭാരത ചരിത്രത്തിൽ എന്നും വിളങ്ങുന്ന ഒരു പൊൻ താരകമാണ്. മാൾവയിലും മഹാരാഷ്ട്രത്തിലെങ്ങും ഇന്നും അവർ ഋഷി തുല്യയായ ദിവ്യാത്മാവായി ആദരിക്കപ്പെടുന്നു. തികച്ചും ഉജ്ജ്വലയായ ഭരണാധികാരിയും, കരുത്തുറ്റ പോരാളിയും, സാധ്വിയും ധർമ്മിഷ്ഠയുമായ മഹാറാണിയുമെന്ന നിലയിൽ അഹല്യാ ദേവി ഹൈന്ദവ സ്ത്രീത്വത്തിന്റെ പ്രതീകമാണ്. കാശിവിശ്വനാഥ ക്ഷേത്രത്തിലും, പന്ധാർപൂരിലേക്ക് തിരിക്കുന്ന തീർഥാടകസംഘം വിശ്രമിക്കുന്ന ഗോപാൽപുരിലും മറ്റനേകം തീർഥാടനകേന്ദ്രങ്ങളിലും അഹല്യാദേവിയുടെ സ്മരണ നമ്മെ തേടി എത്തുന്നു. അർഹിക്കുന്ന അംഗീകാരം ഈ സ്ത്രീ രത്നത്തിന് ആധുനിക ഭാരതം നല്കിയോ എന്നത് ചിന്തനീയമായ മറ്റൊരു വിഷയം.

Leave a Reply

Please log in using one of these methods to post your comment:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Google photo

You are commenting using your Google account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s