പാലക്കാട് കോളേജ് മാഗസിനിൽ എസ് എഫ് ഐ ക്കാരൻ ഭാരതമാതാവിനെ വേശ്യ ആക്കിയ മനസ്സ്, തങ്ങൾക്കു ഇഷ്ടമില്ലാത്ത ഏതൊരു സ്ത്രീയെയും വേശ്യ ആക്കുന്ന ഇടതു പക്ഷത്തിന്റെ ദുഷിച്ച മനസ്സ്, ഇതാണ് സ്മൃതി ഇറാനി പാർലമെന്റിൽ തുറന്നു കാട്ടിയത്. ദുർഗാ ദേവിയെ വേശ്യ ആക്കിയത് ന്യായീകരിക്കുന്ന ഇടതു പക്ഷത്തെ രക്ഷിക്കാൻ മഹാബലി എന്ന അസുരനെ പ്രകീർത്തിച്ചു ആഘോഷിക്കുന്ന ഓണം വെച്ച് യച്ചൂരി സഖാവ് ഒരു ഡയലോഗ് കാച്ചി. അസുരന്മാരെ ആരാധിക്കുന്നത് ദേശ വിരുദ്ധ പ്രവര്‍ത്തനം ആണെങ്കിൽ ഓണത്തിന് മഹാബലി എന്ന അസുരനെ ആരാധിക്കുന്ന മലയാളികൾ എല്ലാം രാജ്യ ദ്രോഹികൾ ആവില്ലേ എന്ന്.
പോളിറ്റ് ബ്യൂറോ ഉത്തരവ് അനുസരിച്ചാണോ എന്തോ സകല പത്രപ്രവർത്തകരും മഹാബലിയെ കുറിച്ച് ട്വീറ്റുകൾ എയ്തു കഴിഞ്ഞു.
ഓണത്തിന് മഹാബലിയെ ആരാധിക്കുന്നതു വാമനനെ തെറി പറഞ്ഞിട്ടല്ല. അസുരനെ ആരാധിച്ചതല്ല ഇവിടെ വിഷയം. ആരും അസുരനെ ആരാധിക്കുന്നതിനെ ഇകഴ്ത്തുന്നില്ല. പക്ഷെ ദുർഗാ ദേവിയെ വേശ്യ ആക്കിയതിനെ പുകഴ്ത്തുന്ന സെമിറ്റിക് മനസുണ്ടല്ലോ… അതാണ് വിമർശനവിധേയമാകുന്നത്.
ഓണം വാമനജയന്തി ആണെന്നും, മഹാബലിയുടെ മുത്തച്ഛൻ പ്രഹ്ലാദനും, ബലിയും വിഷ്ണുഭക്തരാണെന്നും ബലിയെ സുതല ചക്രവർത്തി ആക്കി അനുഗ്രഹിച്ചു മഹാവിഷ്ണു, എന്നൊക്കെയാണ് കഥകൾ എന്ന് അറിയാവുന്ന മലയാളികളുടെ അടുത്ത് ഈ വാദഗതികൾ വിലപ്പോകുമോ എന്ന് യെച്ചൂരി സഖാവ് ചിന്തിച്ചു കാണില്ല. മഹിഷൻ അസുരൻ ആയതുകൊണ്ടല്ല മറിച്ചു ഗർവിനുള്ള ഫലമായിട്ടാണ് വധിക്കപെട്ടത്. ബലിയോ വധിക്കപെടുകയല്ല, സുതലപതിയാക്കപ്പെടുകയാണ് ചെയ്തത്. രാവണൻ ബ്രാഹ്മണ പുത്രനായിരുന്നു. ബ്രഹ്മാവിനാൽ വരം ലഭിച്ചവരാണ് ഇവരെല്ലാം. ദേവതയാൽ വധിക്കപെട്ടതിനാൽ മോക്ഷം ലഭിക്കുകയാണ് ഉണ്ടായത്.
“ദേവന്മാര്ക്കും ലഭിക്കാൻ കഴിയാത്ത മഹാസ്ഥാനത്ത് മഹാബലി എത്തിയിരിക്കുന്നു. സാവര്‍ണിമന്വന്തരത്തില്‍ അങ്ങ് ദേവേന്ദ്രനായി ഭരിക്കും. അതുവരെ വിശ്വകര്‍മ്മാവ് നിർമ്മിച്ചിരിക്കുന്ന സുതലത്തിൽ വാഴൂ. എന്റെ ദൃഷ്ടി എപ്പോഴും ഉള്ളതിനാൽ മനസ്സിൽ ക്ലേശങ്ങളോ ശരീരത്തിന് വ്യാധിയോ ക്ഷീണമോ ആലസ്യമോ അന്യരിൽ നിന്ന് അപമാനമോ മറ്റു ആപത്തുക്കളോ ബാധിക്കില്ല. അങ്ങയെ ഇന്ദ്രൻ കൂടി ധിക്കരിക്കില്ല. അങ്ങയുടെ ആജ്ഞയെ അതിക്രമിക്കുന്നവനെ എന്റെ സുദർശനചക്രം നിഗ്രഹിക്കും. ഞാൻ സുതലത്തിന്റെ പടിക്കൽ സദാ സന്നിഹിതനായിരിക്കും എന്ന് ഭവാൻ അറിയുക.” ഇങ്ങനെയാണ് മഹാബലിയോട് വിഷ്ണു പറയുന്നത്

ഭക്തൻ തന്റെ അഹങ്കാരം വെടിയുമ്പോൾ ഭഗവാൻ അവന്റെ പൂർണ ഉത്തരവാദി ത്വം ഏറ്റെടുക്കുമെന്നാണ് വാമനാവതാരത്തിലൂടെ ഭാഗവതം വ്യക്തമാക്കുന്നത്. അസുരന്മാർ ചെകുത്താന് തുല്യം ആവുന്ന സെമിറ്റിക് മനസ്സിന് ഈ സങ്കീർണ്ണതകൾ മനസ്സിലാക്കാൻ കഴിയില്ല.
ഋഗ്വേദത്തിൽ ഇന്ദ്രൻ അസുരനായാണ് ചില ശ്ലോകങ്ങളിൽ പറയുന്നത്. മറ്റു ചിലയിടങ്ങളിൽ അഗ്നിയും മിത്രനും വരുണനും അസുരനായി പ്രതിപാദിക്കപ്പെട്ടിരിക്കുന്നു. അസുരൻ എന്ന പദം അതിശക്തൻ, ഭീമാകാരമായ, അമാനുഷികൻ എന്നെല്ലാമാണ് ഋഗ്വേദത്തിൽ അര്‍ത്ഥം കൊടുത്തിരിക്കുന്നതായ് വേദ പണ്ഡിതർ പറയുന്നത്. സാത്വിക രീതിയിൽ നിന്നും വ്യതിചലിച്ചവരെ അസുരൻ എന്ന് പറയുന്ന രീതിയുമുണ്ട്. തമോഗുണപ്രധാനമായ ചിത്തവൃത്തികളെ ആണ് അസുരന്മാരെന്നു പറയുന്നത്. അസുക്കളിൽ അഥവാ നാനാഗതികളായ വിഷയങ്ങളോടു കൂടിയ പ്രാണനക്രിയകളിൽ രമിക്കുന്നതുകൊണ്ടാണ് അസുരന്മാരെന്ന് പ്രയോഗിച്ചിരിക്കുന്നത്.
അസുരനും ദേവനും ഒരേ ഗുരുവിന്റെ അടുത്തു നിന്നും വിദ്യ അഭ്യസിക്കുന്നതായി ഉപനിഷത്ത് പറയുന്നുണ്ട്.
ദേവൻ സ്ഥിതിയിൽ ശ്രദ്ധിക്കുമ്പോൾ അസുരൻ സംഹാരത്തിനു പ്രാധാന്യം കൊടുക്കുന്നു എന്നല്ലാതെ ഇത് ഒരു വർഗം (race) ആയി കരുതുന്നത് സെമിറ്റിക് മനസിന്റെ മിഥ്യാധാരണകളുടെ പ്രഭാവത്തിൽ നിർമ്മിക്കപെട്ട “scholarly analysis” ന്റെ ഫലമാണ്.
ഹിന്ദുമതം ഒരൊറ്റ വിശ്വാസ പ്രമാണത്തിൽ ഊന്നിയ ഒരു ചട്ടക്കൂടിൽ ഒതുക്കാവുന്ന തത്ത്വചിന്തയല്ല. കാരണം, സനാതന ധർമ്മത്തിന്റെ ആത്യന്തിക ലക്ഷ്യം തന്നെ വ്യത്യസ്തമായ ലഭ്യമായ പാതകൾ വഴി പരമജ്ഞാനം അഥവാ മോക്ഷം കൈവരിക്കുന്നതിന് വ്യക്തിയെ നയിക്കുക എന്നതാണ്. അതിനാൽ, ഹിന്ദു മതത്തിനുള്ളിൽ തന്നെ വിഭിന്ന ധാരയിലുള്ള വ്യത്യസ്തമായ തത്ത്വചിന്തകൾ കാണുന്നു. അവയിൽ ഏതുൾക്കൊള്ളണം ഏതിനെ തള്ളിക്കളയണം എന്നത് തീർത്തും വ്യക്ത്യധിഷ്ഠിതമായ വസ്തുതയാണ്. ഹൈന്ദവ ധർമ്മത്തിന്റെ ശക്തി നമ്മിൽ അന്തർലീനമായിരിക്കുന്ന ബഹുസ്വരതയാണ്.
മനുഷ്യവർഗ്ഗത്തിന്റെ ബഹുസ്വരതയോട് കലഹിച്ചു മാനവകുലത്തെ ഒന്നാകെ ഒരേ അച്ചിൽ വാർത്തെടുത്ത ഏകീകൃത സമൂഹമാക്കാനുള്ള ആവേശത്തിൽ പാശ്ചാത്യലോകത്തുണ്ടായ മാർക്സിയൻ സിദ്ധാന്തം അനുസരിച്ച് നീങ്ങുന്ന ഇടതുപക്ഷത്തിന്റെ ചരിത്ര പുനർവായന കാണാതെ പോകുന്നത്, അഥവാ വിദേശതാല്പര്യങ്ങൾക്ക് വേണ്ടി നമ്മെ കാണിക്കാതെ പോകുന്നത് ഇങ്ങനെ ചില വസ്തുതകളാണ്.