ഇസ്രായേലിന്റെ ചരിതം

  ഏതാണ്ട് 2000 വർഷത്തോളമായി അബ്രഹാമിന്റെ സന്തതികൾ തമ്മിൽ — അതെ സഹോദരന്മാര് തമ്മിൽ- ഭൂമിയുടെ അവകാശത്തിനായി നടക്കുന്ന പോരാട്ടമാണ് ഇന്ന് ലോകം വളരെയധികം വേവലാതിപ്പെട്ടുകൊണ്ടിരിക്കുന്ന ഇസ്രയേൽ പലസ്തീൻ തര്ക്കത്തിന് മൂല കാരണം.. . ബൈബിൾ കാലം മുതലുള്ള തങ്ങളുടെ വാഗ്ദത്ത ഭൂമിയിന്മേലുള്ള അവകാശം യഹൂദർ ഉറപ്പിക്കുമ്പോൾ പലസ്തിൻ എന്ന രാജ്യസ്ഥാപനത്തിനായി അറബികൾ പട പൊരുതുന്നു തല്ഫലമായി അനേകായിരങ്ങൾ , പിഞ്ചു കുഞ്ഞുങ്ങൾ വരെ ഈ അവകാശ തർക്കത്തിൽ പിടഞ്ഞു വീണു മരിക്കുന്നു . .
മെസൊപൊറ്റെമിയയിലെ ഉർ പട്ടണത്തിലെ ശിൽപിയുടെ പുത്രനായ അബ്രാം ഏകദൈവമായ യഹോവയുടെ നിർദേശാനുസരണം വിഗ്രഹങ്ങൾ അഥവാ ശില്പങ്ങൾ തച്ചുടച്ചു തന്റെ കുടുംബത്തോടൊപ്പം വാഗ്ദത്ത ഭൂമിയായ കാനാൻ ദേശത്തേക്ക് പോകുന്നതോടെയാണ് ‘വിശ്വാസി’കളുടെ കഥ ആരംഭിക്കുന്നത്. യഹോവയുടെ അനുഗ്രഹത്താൽ അബ്രഹാമിന്റെ ഭാര്യയായ സാറായ്ക്ക് പിറന്ന ഇസഹാക്കിന്റെ പിന്മുറക്കാരാണ് യഹൂദരെന്നു വിശ്വസിച്ചു വരുന്നു.
അബ്രഹാമിന് അടിമസ്ത്രീയായ ഹാഗാറിൽ ജനിച്ച പുത്രൻ ഇസ്മയേലിന്റെ പിൻ തലമുറക്കാർ അറബികളും (ഉല്പത്തി : 16 : 1–16 ). ഇസഹാക്ക് ദൈവ വാഗ്ദാനമനുസരിച്ച് ഉണ്ടായ പുത്രനാകയാൽ അബ്രഹാമിന്റെ വംശ പരമ്പരയുടെ കണ്ണി മുന്നോട്ടു കൊണ്ട് പോകാനുള്ള അനുഗ്രഹം ഇസഹാക്കിനെന്നു ബൈബിൾ മതം (ഉല്പത്തി : 21: 9 -21 ) . കൂടാതെ, സാറയുടെ നിർദേശപ്രകാരം വീട്ടിൽ നിന്നും പുറത്താക്കപെട്ട ഹാഗാരിനു മാലാഖ പ്രത്യക്ഷനായി ഇസ്മയേൽ ഒരു വൻ ജനതയുടെ പിതാവാകുമെന്നു പറഞ്ഞതായും അവൻ തന്റെ സഹോദരരോട് വിദ്വേഷത്തിൽ ജീവിക്കുമെന്നും പറഞ്ഞതായി ബൈബിൾ പറയുന്നു (ഉല്പത്തി 21 :18, 16 : 12 ).
എങ്കിലും ആധുനികകാലത്ത് യഹൂദരും അറബികളും തമ്മിലുള്ള സ്പർദ്ധ പണ്ടെങ്ങോ ഇസ്ഹാക്കും ഇസ്മയേലും തമ്മിലുണ്ടായ അസ്വാരസ്യങ്ങൾ കൊണ്ട് മാത്രം വിശദീകരിക്കാവുന്നതല്ല. ഭൂരിഭാഗം അറബികൾ പിന്തുടരുന്ന ഇസ്ലാം മതം ഇസ്മയേലിന്റെ വൈരം ആഴത്തിൽ ഉൾക്കൊണ്ട്‌ എന്ന് തോന്നുന്നു. യഹൂദരോട് ഇടപെടേണ്ടതെങ്ങനെ എന്നു ഖുറാനിലുള്ള നിർദേശങ്ങൾ ചിലയിടങ്ങളിൽ പരസ്പര വിരുദ്ധമായും കാണപ്പെടുന്നു. യഹൂദരെ സഹോദരരായി കാണണം എന്ന് പറയുന്ന അതെ ഖുറാൻ ഇസ്ലാമിലേക്ക് മതപരിവർത്തനം നടത്താൻ തയ്യാറാകാത്ത യഹൂദരെ വധിക്കാനും ആഹ്വാനം ചെയുന്നു. അതുപോലെ തന്നെ അബ്രഹാമിന്റെ ഇതു പുത്രനാണ് യഥാർത്ഥത്തിൽ വാഗ്ദത്ത സന്തതി എന്ന കാര്യത്തിലും ബൈബിളും ഖുറാനും തമ്മിൽ അഭിപ്രായവ്യത്യാസമുണ്ട്. അത് ഇസ്മയേൽ ആണെന്നും അബ്രാഹം ബലി കൊടുക്കാൻ കൊണ്ടുപോയതും ഇസ്മയെലിനെ ആണെന്നും ഖുറാൻ പറയുമ്പോൾ ബൈബിളിൽ അത് ഇസഹാക്കാണ്.
ബൈബിൾ പ്രകാരം ഇസഹാകിന്റെ പുത്രൻ യാകോബിന്റെ സന്തതികളായ ഇസ്രയേൽ ജനതയ്ക്ക് ദൈവം നല്കിയ വാഗ്ദത്ത ഭൂമിയാണ് കാനാൻ ദേശം.

Ancient Israel map
ancient Israel

ചരിത്രകാരന്മാരുടെ അഭിപ്രായത്തിൽ 1300–1200 ബി.സി കാലഘട്ടത്തിൽ അസീറിയായ്ക്കും ഈജിപ്തിനുമിടയിൽ കാനാൻ ദേശത്ത് വാസമുറപ്പിച്ച ഏകദൈവവിശ്വാസികളാണ് ഇസ്രയേൽ ജനത. 1050 ബി സി യിൽ സാവൂളും , 1050 ൽ ദാവീദും ഇസ്രായേലിന്റെ രാജാക്കന്മാരായി. 970 ബി സിയിൽ രാജാവായി അധികാരമേറ്റ സോളമൻ ജെറുസലേമിൽ ആദ്യ ക്ഷേത്രം പണിതു. 931 ബി സി യിൽ സോളമന്റെ മരണത്തിനു ശേഷം യഹൂദർ തെക്ക് യൂദയായും, വടക്ക് ഇസ്രയേലുമായി രണ്ടായി പിരിഞ്ഞതോടെ വടക്കൻ ഇസ്രയേലിനെ അസ്സീറിയാക്കാർ കീഴടക്കി. ദീർഘകാലം അസ്സീറിയൻ ഭരണത്തിൽ കഴിഞ്ഞ ഈ ഭാഗം സമരിയ എന്നറിയപെട്ടു . വിഗ്രഹാരാധകരായ പാഗൻ ജനതയാൽ ചുറ്റപെട്ട യൂദയാ ഇസ്രായേലി ജനതയുടെ അവശേഷിക്കുന്ന ഏക രാജ്യം ആയി മാറി. യൂദയായിൽ ഏകദൈവമായ യാഹോവയിലുള്ള വിശ്വാസം ഊട്ടി ഉറപ്പിക്കുന്നതിനുള്ള നടപടികൾ എടുത്തതോടെ മതവും ജറുസലേമിലെ ക്ഷേത്രവും രാഷ്ട്രത്തിൻറെ കേന്ദ്രബിന്ദുവായി മാറി. പക്ഷെ അധികം വൈകാതെ തന്നെ ബാബിലോണ്‍ രാജാവായ നെബുകെദ്നെസ്സർ ജറുസലേം ക്ഷേത്രം നശിപ്പിച്ചു യൂദയാ കീഴടക്കി. പിന്നീടു പേർഷ്യൻ രാജാവ്‌ സൈറസ് ബാബിലോണിയ കീഴടക്കി, യഹൂദർക്ക് ജെറുസലേം ക്ഷേത്രം പുനർനിർമ്മിക്കാൻ അനുമതി നൽകി. പെർഷിയ കീഴടക്കിയ അലക്സാണ്ടറിന്റെ മരണ ശേഷം യൂദയാ ഈജിപ്തിലെ ടോളെമിയുടെ കീഴിൽ വന്നു. എന്നാൽ സിറിയ സെലുസിദ് വംശത്തിന്റെ ഭരണത്തിൻ കീഴിലായതോടെ, ജോർദാൻ നദിയുടെ കിഴക്ക് ഭാഗത്തുള്ള പ്രദേശങ്ങൾ ഹെലനിസ്ടിക് സാമൂഹികവ്യവസ്ഥിതി പിന്തുടരാൻ തുടങ്ങി.

  syria200bc

  അന്തിയോഖിയാസ് നാലാമൻ ജെറുസലേം ക്ഷേത്രം തകർത്തു യഹോവാ ആരാധന തടഞ്ഞതിനെ തുടർന്ന് ഉണ്ടായ സന്ഘര്ഷങ്ങളുടെ ഒടുക്കം യഹൂദിയാ വീണ്ടും സ്വതന്ത്രരാഷ്ട്രമായി. തുടർന്ന് ബി സി 63 ൽ റോമൻ നിയന്ത്രണത്തി ലാവുന്നതുവരെയുള്ള കാലം യഹൂദർ സമീപപ്രദേശങ്ങൾ തങ്ങളുടെ കീഴിലാക്കി അവിടത്തെ ജനതകളെ യഹൂദമതാനുകൂലികളാക്കി വന്നു . ഇതിനിടയിൽ ക്രിസ്തുമതം യൂദയായിലും സമീപപ്രദേശങ്ങളിലും പരന്നു തുടങ്ങിയിരുന്നു. യഹൂദരും ഹെല്ലെനിസ്ടിക് ജനങ്ങളും തമ്മിലുള്ള സംഘർഷങ്ങളെ തുടർന്ന് ഈ മേഖല ആകെ കലാപകലുഷിതമായിതീർന്നു. ഹദ്രിയൻ ചക്രവർത്തി ജെറുസലേമിൽ റോമൻ കേന്ദ്രം സ്ഥാപിക്കാൻ തീരുമാനിച്ചതിനെ തുടർന്ന് ശിമോൻ ബാറ കൊച്ച്ബ എന്ന യഹൂദ നേതാവിന്റെ നേതൃത്വത്തിൽ ഒരു വൻ കലാപം പൊട്ടിപുറപ്പെട്ടു. അങ്ങിനെ എ ഡി 135 ൽ യഹൂദർ ജറുസലേമിൽ പ്രവേശിക്കുന്നത് നിരോധിക്കുകയും അവിടം ഒരു സമ്പൂർണ്ണ റോമൻ കോളനി ആയി മാറുകയും ചെയ്തു. റോമാക്കാർ യൂദയാ എന്നാ പേരു ഉപേക്ഷിക്കുകയും ഈ പ്രദേശത്തെ സിറിയൻ പലസ്തിനായുടെ ഭാഗമാക്കി ചേർക്കുകയും ചെയ്തു. ഗലീലിയ, സമരിയ, പൽമിര, ഈജിപ്ത് തുടങ്ങിയ പ്രദേശങ്ങളിൽ ചില യഹൂദർ ജീവിച്ചിരുന്നെങ്കിലും, എ ഡി 324 നു ശേഷം റോമാ സാമ്രാജ്യം ക്രിസ്തുമതം സ്വീകരിച്ചതോടെ നസറായനായ യേശുജീവിച്ച ജറുസലേമിൽ പള്ളികളും മൊണാസ്റ്ററികളും നിർമ്മിക്കുകയും പലസ്തിനായിലേക്ക് ധാരാളം ക്രിസ്തുമാതാനുയായികൾ പ്രവഹിക്കാനും തുടങ്ങിയതിനെ തുടർന്നുണ്ടായ സംഘർഷങ്ങളോടെ വാഗ്ദത്തഭൂമിയിൽ നിന്നുമുള്ള യഹൂദരുടെ പലായനം പൂർണ്ണമായി.

syria500ad

യഹൂദരും ക്രിസത്യൻ യൂറോപ്പും
മധ്യകാലഘട്ടയൂറോപ്പിലെ ആന്റി സെമറ്റിസിസത്തിനു കാരണം മതസ്പർദ്ധ ഒന്നു മാത്രമായിരുന്നൂ. യഹൂദ ജനത ഒന്നടങ്കം യേശുവിന്റെ മരണത്തിന് പൂർണ്ണ ഉത്തരവാദികളാണെന്നും അതിനാൽത്തന്നെ അവർ വെറുക്കപ്പെടേണ്ടവരാണെന്നും ക്രിസ്ത്യാനികളിൽ പലരും വിശ്വസിച്ചു പോന്നു. 1900 വർഷങ്ങളുടെ ക്രിസ്തുമത- യഹൂദ ചരിത്രത്തിൽ ദൈവഹത്യ ആരോപണം യൂറോപ്പിലെമ്പാടും ലക്ഷക്കണക്കിന് യഹൂദരുടെ കൂട്ടക്കൊലകൾക്കും, നിർബന്ധിത മതപരിവർത്തനതിനും നാടുകടത്തലുകൾക്കും വരെ കാരണമായി.
റൈൻ — ദാന്യുബ് നദീതടമേഖലയില വസിച്ചിരുന്ന ജൂതസമൂഹത്തെ ഉന്മൂലനം ചെയ്ത സംഭവം റൈൻ ലാൻഡ്‌ കൂട്ടക്കൊല എന്നറിയപ്പെടുന്നു. കുരിശുയുദ്ധകാലത്തു ജെർമനി , ഫ്രാൻസ്, ആസ്ത്രിയ എന്നിവടങ്ങളിൽ നിന്നെല്ലാം യഹൂദരെ തുരത്തിയോടിച്ചു. 1290 ൽ ഇംഗ്ലിഷുകാർ ജൂതരെ നിരോധിക്കുകയുണ്ടായി. നാടുകടത്തപെട്ട ജൂതരിൽ പലരും പോളണ്ടിലേക്ക് പലായനം ചെയ്തു. വിശുദ്ധ റോമാസാമ്രാജ്യത്തിൽ മറ്റുള്ളവരിൽ നിന്നകലെ പ്രത്യേക ഘെറ്റോകളിൽ (ചേരി) വസിക്കേണ്ടി വന്നത് മാത്രമല്ല, നിര്ബന്ധമായും ക്രിസ്തിയൻ പള്ളികളിലെ പ്രഭാഷണങ്ങൾ കേൾക്കുകയും, മതപരിവർത്തനത്തിന് തയ്യാറാകാത്തവർ കടുത്ത പീഡനമുറകൾക്ക് വിധേയരാക്കപെട്ടു. പല സന്ദർഭങ്ങളിലും ജൂതർ അധികനികുതികൾ നല്കേണ്ട വന്നു. പത്തൊമ്പതാം നൂറ്റാണ്ടിന്റെ അവസാന പാദത്തോളം ഇവരുടെ ദുരവസ്ഥ നീണ്ടു നിന്നു.

  യൂറോപ്പിലെമ്പാടുമുള്ള യഹൂദർക്ക് നെപ്പോളിയന്റെ കാലഘട്ടം ഒരാശ്വാസമായിരുന്നു. 1815 ൽ നെപോളിയന്റെ പതനത്തോട്കൂടെ ഉദിച്ചുയർന്ന ദേശീയവാദം കൂടുതൽ അടിച്ചമർത്തലുകൾക്ക് വഴി തെളിച്ചു. റൈൻ ലാൻഡ്‌ നെപോളിയന്റെ നിയന്ത്രണത്തിൽ നിന്നും തിരിച്ചു പ്രഷിയ ആയതോടെ യഹൂദരുടെ കഷ്ടകാലം വീണ്ടും ആരംഭിച്ചു. 1819 ലെ ഹെപ് ഹെപ് ലഹളകളിൽ ഒരുപാടു ജൂതർ കൊല്ലപെടുകയും അവരുടെ വസ്തു വകകൾ കണ്ടുകെട്ടുകയുമുണ്ടായി. ഫ്രാങ്ക്ഫുര്‍ട്ട് നഗരത്തിൽ വെറും 12 യഹൂദർക്കുമാത്രമെ വിവാഹിതരാകാൻ അനുവാദമുണ്ടായിരുന്നുള്ളൂ. മിക്ക തൊഴിലുകളും പ്രത്യേക അനുവാദപത്രം കൈവശമില്ലാതെ ചെയുന്നതിന് യഹൂദർക്ക് വിലക്കേർപ്പെടുത്തി. കടുത്ത നികുതി ഭാരവും കിരാത നിയമങ്ങളും കൊണ്ട് യഹൂദരുടെ ജീവിതം ദുസ്സഹമായി. ഇതിൽനിന്നെല്ലാം രക്ഷ തേടി ജൂതർ അമേരിക്കയിലേക്ക് കുടിയേറ്റം ആരംഭിച്ചു. 1878 ൽ ഹാംബുർഗിലെ അനാർകിസ്റ്റ് വിൽഹെം മാര്ർ ‘ആന്റി സെമെടിസിസം’ എന്നാ പദം പ്രയോഗത്തിൽ വരുത്തി. യഹൂദർ സെമടിക് വർഗത്തിൽ പെട്ടവരാണെന്നും അവർക്കൊരിക്കലും ജർമ്മൻ സമൂഹവുമായി അലിഞ്ഞു ചേർന്ന് പോകാൻ സാധിക്കുകയുമില്ലെന്നും വോൾകിഷ് പ്രസ്ഥാനം കരുതി. എന്നിരുന്നാലും 1900 ആയപ്പോളെക്കും ജർമ്മനിയുടെ പല ഭാഗങ്ങളിലും യഹൂദർക്കു തുല്ല്യ അവകാശം ലഭിച്ചു ജൂത ജർമ്മൻ സാംസ്കാരിക മിശ്രണം ഒരു യാഥാർത്യമാകുന്ന ലക്ഷണങ്ങൾ കണ്ടു തുടങ്ങി. ചാൻസെലർ ഗുസ്താവ് സ്ട്രെസ്സെമൻ ഒരു യഹൂദ വനിതയെയാണ് വിവാഹം കഴിച്ചത്. 1871ൽ 512,000 ആയിരുന്ന യഹൂദ ജനസംഖ്യ 1910ൽ 79,000 റഷ്യയില നിന്നുള്ള കുടിയേറ്റക്കാരടക്കം 615,000 ആയി ഉയർന്നെങ്കിലും ഇത് മൊത്തം ജനസംഖ്യയുടെ ഒരു ശതമാനം പോലും ഉണ്ടായിരുന്നില്ല. പിന്നീടങ്ങോട്ടുള്ള കുറച്ചു വർഷങ്ങൾ രാഷ്ട്രത്തിന്റെ എല്ലാ തുറകളിലും യഹൂദ സാന്നിധ്യം നമുക്ക് കാണാം.

യഹൂദർ റഷ്യയിൽ

  പത്തൊമ്പതാം നൂറ്റാണ്ടിൽ റഷ്യൻ സാമ്രാജ്യത്തിന്റെ ഭാഗമായിരുന്ന പോളണ്ടിൽ വളരെയധികം യഹൂദർ ജീവിച്ചിരുന്നു. രണ്ടാംകിട പൗരന്മാരായി തന്നെയാണ് റഷ്യയിലും ജൂതരെ കണ്ടിരുന്നത്‌. തങ്ങൾ അനുഭവിച്ച പീഡനങ്ങളും വിവേചനങ്ങളും യഹൂദരെ സോഷ്യലിസ്റ്റ്‌ പ്രസ്ഥാനത്തിലേക്ക് ആകർഷിച്ചു . എന്നാൽ സോഷ്യലിസ്ടുകൾ ജൂതരെ ശിക്ഷിക്കപ്പെട്ട വർഗമായാണ് കണ്ടത്. പല ആദ്യകാല സോഷ്യലിസ്ടുകളും വശീയമായി ജൂതരായിരുന്നെങ്കിലും യഹൂദമതവും സയനിസവും ഉന്മൂലനം ചെയ്യപെടെണ്ടാതാണെന്നു അവർ വിശ്വസിച്ചു. 1940 കളിൽ കമ്മുണിസ്റ്റു ഭരണകൂടം ഏതാനം സിനഗോഗുകൾ ഒഴികെ ഒരുവിധം എല്ലാ ജൂത സംഘടനകളെയും ഇല്ലാതാക്കി. എന്നിട്ട് ഈ സിനഗോഗുകൾ പോലിസ് നിരീക്ഷണത്തിൻ കീഴിലാക്കി. 1948 -53 കാലഘട്ടത്തിൽ ആന്റി സയണിസ്റ്റ് നടപടികൾ എന്നാ പേരില് നടപ്പിലാക്കിയ ജൂത വിരുദ്ധ പരിപാടികൾ സോവിയറ്റ് യൂണിയൻ നടത്തിയ മനുഷ്യാവകാശ ലംഘനങ്ങളിൽ ചിലതാണ്.

യഹൂദരും ഇസ്ലാമും — ചരിത്രത്തിൽ

  ക്രിസ്തുവിനു ശേഷം ഏഴാം നൂറ്റാണ്ടിൽ അറേബ്യൻ മരുഭൂമിയിൽ ഉദയം കൊണ്ട ഇസ്ലാം മതം വളരെ പെട്ടന്ന് തന്നെ മധ്യപൂർവേഷ്യ ആകമാനം വ്യാപിച്ചു. ആ കാലഘട്ടത്തിൽ മധ്യ പൂർവേഷ്യയിലും ഉത്തര ആഫ്രിക്കയിലും അനവധി യഹൂദ സമൂഹം ജീവിച്ചിരുന്നു. യേശു വരെയുള്ള പ്രവാചകന്മാരെയെല്ലാം ഇസ്ലാം മതവും അംഗീകരിക്കുന്നതു കൊണ്ടും അടിസ്ഥാനപരമായി ഈ മൂന്നു മതങ്ങളും പരമശക്തനായ ഏക ദൈവത്തെ ആരാധിക്കുന്ന ദൈവവചനം ഉൾക്കൊള്ളുന്ന വിശുദ്ധഗ്രന്ഥം പിന്തുടരുന്നവരും ആയതിനാൽ ഇന്നാടുകളിൽ ജീവിച്ചിരുന്ന പാഗൻ ന്യൂനപക്ഷങ്ങളെക്കാൾ ഭേദമായിരുന്നു ക്രിസ്ത്യൻ ജൂത സമൂഹങ്ങളോടുള്ള ഇസ്ലാമിക ഭരണകർത്താക്കളുടെ പെരുമാറ്റം. വിധേയത്തം പ്രകടിപ്പിക്കുവാൻ വിസ്സമ്മതിച്ച മദീനയിലെ ജൂതരെ മുഹമ്മദ്‌ നബി അവിടെനിന്നും പുറത്താക്കിയതായി ചില ചരിത്രകാരന്മാർ പറയുന്നുണ്ട്. എ ഡി 641 ൽ ഖലിഫ ഉമർ അറേബ്യയുടെ തെക്കും കിഴക്കുമുള്ള ചെറിയ പ്രദേശത്ത് മാത്രമേ ജൂതർക്കും ക്രിസ്ത്യാനികൾക്കും അധിവാസത്തിനു അനുവാദമുള്ളു എന്ന് പ്രഖ്യാപിച്ചു. “ അറേബ്യയിൽ രണ്ടു മതങ്ങൾ ഉണ്ടാവാതിരിക്കട്ടെ “ എന്നാ പ്രവാചക വചനമനുസരിച്ചായിരുന്നു ഖലീഫയുടെ നടപടിയെന്ന് ചില പണ്ഡിതർ അഭിപ്രായപ്പെടുന്നു. ഖയബാർ മരുപ്പച്ചയിലെ ജൂതരും നസ്രാനിലെ ക്രിസ്ത്യാനികളും കച്ചവടക്കാരായി ചെങ്കടലിന്റെ തീരത്ത് വസിച്ചു പോന്നു. പിന്നെടങ്ങോട്ടുള്ള കാലം യൂറോപുമായി തുലനം ചെയ്യുമ്പോൾ താരതമ്യേന ഭേദപെട്ട നിലയിലാണ് യഹൂദർ പേർഷ്യയിൽ ജീവിച്ചു പോന്നത്. ഇസ്ലാമിന്റെ സുവർണ്ണകാലമായി പറയപ്പെടുന്ന ഈ കാലയളവിലെ സാമ്പത്തിക ശാസ്ത്ര പുരോഗതിയിൽ യഹൂദ കച്ചവടക്കാരും ഗണ്യമായ ഒരു പങ്കു വഹിച്ചു. എങ്കിലും മതനിരപേക്ഷതയുടെ ഈ ഉട്ടോപ്പിയ അധിക കാലം നീണ്ടു നിന്നില്ല.
സ്പെയിനിലെ മുസ്ലിം ഭരണാധികാരികളായിരുന്ന മൂറുകളുടെ കാലത്തു , 1066 എ ഡി യിൽ ഗ്രനാഡയിലെ ജൂതരെ ഒന്നടങ്കം കൊന്നൊടുക്കിയ ‘ഗ്രനാഡ കൂട്ടക്കൊല’ യും, ഇജിപ്ത് , സിറിയ, യെമെൻ എന്നിവിടങ്ങളിലെ യഹൂദ പീഢനങ്ങളും ഈ കാലഘട്ടത്തിൽ തന്നെ ആയിരുന്നു.
സ്പെയിനിലെ പീഡനങ്ങളിൽ നിന്നും ഓടിവന്ന ജൂതര്ക്ക് ആശ്വാസം ആയതു ഒട്ടോമന്‍ സാമ്രാജ്യമായിരുന്നു. ഓട്ടോമന്‍ സാമ്രാജ്യത്തില്‍ നിന്നും അറബി ഭൂവുടമകളില്‍ നിന്നും ഭൂമി വാങ്ങി യഹൂദര്‍ തിരിച്ചുവരവ് തുടങ്ങി. കൈവശമാക്കിയ ഭൂമിയില്‍ കൃഷിയിറക്കിയും മറ്റും യഹൂദര്‍ മേഖലയില്‍ വാസമുറപ്പിച്ചു. ഓട്ടോമൻ തുർക്കികളുടെ കീഴിലും ഇറാനിലും യഹൂദർ കാര്യമായ പ്രശ്നങ്ങളില്ലാതെ ജീവിച്ചു. എന്നാൽ 1656 ൽ ഇസ്ഫാഹാനിൽ നിന്നും ഇസ്ലാമിലേക്ക് പരിവര്ത്തനം ചെയാൻ തയാറാകാത്ത യഹൂദരെ ആട്ടിയോടിച്ചു. മതം മാറിയവർ തന്നെ രഹസ്യമായി യഹൂദ രീതികൾ പിന്തുടരുകയും ജെസ്സിയ നികുതി വരുമാനത്തിൽ ഇടിവ് തട്ടുകയും ചെയ്തതോടെ ജൂതരെ മതപരിവർത്തനം നടത്തുന്നത് നിർത്തലാക്കി.

  യെമെനിലെ സൈദി ഭരണകാലവും ജൂതരുടെ കറുത്തപീഢനപർവങ്ങളിൽ ഒന്നാണ്. 1841ലെ ‘ദമാസ്കസ് സംഭവ’ത്തെ തുടർന്ന് അലേപ്പോ, ബെയ്റുട്ട് , ജെറുസലേം, കയ്റോ ,മൻസുര, അലക്സാന്ദ്രിയ, ഇസ്റ്റാംബുൾ ബാഗ്ദാദ് എന്നിവിടങ്ങളിലെല്ലാം വൻതോതിൽ കിരാതമായ ജൂത കൂട്ടക്കൊലകൾ അരങ്ങേറി. 1917 ഡിസംബര്‍ 19 ന് ജനറല്‍ അല്ലന്‍ബിയുടെ നേതൃത്വത്തില്‍ ബ്രിട്ടീഷ്‌ സൈന്യം യെരുശലേമില്‍ പ്രവേശിച്ചു. 1918 ഒക്ടോബര്‍ 31 ന് ഒപ്പിട്ട താല്‍കാലിക യുദ്ധവിരാമ സന്ധി അനുസരിച്ച് തുര്‍ക്കികളുടെ ഭരണം അവസാനിച്ചു. 1920 ഏപ്രില്‍ 24 ന് പലസ്തീനും ട്രാന്‍സ്‌ ജോര്‍ദ്ദാനും ബ്രിട്ടീഷ്‌ മാന്‍ഡേറ്റായിത്തീര്‍ന്നു. 1920–21 ൽ പലസ്തിനായിൽ ജൂതർക്കെതിരെ പൊട്ടിപ്പുറപ്പെട്ട കലാപങ്ങളുടെ ഫലമായി അനേകം ആളുകൾ കുരുതി കഴിക്കപെട്ടു. പുരാതന യഹൂദ സമൂഹമായിരുന്ന ഹെബ്രോണ്‍ ജനത ഈ കലാപത്തിൽ ഉന്മൂലനാശം നേരിട്ടു.

  നാസി ഹോളോകോസ്റ്റ് സമയത്ത് മിഡിൽ ഈസ്റ്റ്‌ ആകെ പ്രശ്നകലുഷിതമായിരുന്നു. ബ്രിട്ടണ്‍ പലസ്തിൻ ബ്രിട്ടീഷ്‌ മാന്‍ഡേറ്റിലേക്കുള്ള ജൂതകുടിയേറ്റം നിരോധിച്ചു. ബ്രിട്ടന്റെ ഈ നടപടിക്കെതിരെ പ്രതിഷേധിച്ചു 1944 ൽ കയ്റോയിൽ യഹൂദ ലേഹി മോയ്നെ പ്രഭുവിനെ വധിച്ചത് അറബ് — ബ്രിട്ടിഷ് ബന്ധം വഷളാക്കി. സഖ്യകക്ഷികളും അച്ചുതണ്ടുശക്തികളും എണ്ണ സമൃദ്ധമായ മേഖലക്ക് വേണ്ടി പോരാടിക്കൊണ്ടിരുന്ന സമയത്ത് ജറുസലേം മുഫ്തി അമിൻ അൽ ഹുസയ്നി ഇറാക്കിൽ നാസി അനുകൂല അട്ടിമറിക്ക് കോപ്പ് കൂട്ടിയതിനെ തുടർന്നുണ്ടായ കലാപത്തിൽ ആയിരക്കണക്കിനു യഹൂദർ കുരുതി കൊടുക്കപ്പെട്ടു. അട്ടിമറിശ്രമം പാഴായതിനെതുടർന്നു ബെർലിനിലേക്ക് പലായനം ചെയ്ത മുഫ്തി ഹിറ്റ്ലെറിനെ സജീവമായി പിന്തുണച്ചു.

നാസി ജർമ്മനി
നാസികൾ 1933 ൽ ജൂത പീഡനം സജീവ നയമായി കൈക്കൊണ്ടെങ്കിലും വലിയ കാര്യമായി നടപ്പിലാക്കിയിരുന്നില്ല. പക്ഷെ അന്തര്ദേശീയ ജൂത നേതാക്കൾ ജർമ്മൻ ഉൽപ്പന്നങ്ങൾ ബഹിഷ്കരിക്കാൻ ആഹ്വാനം ചെയ്തതിനെതുടർന്ന് യഹൂദ ഡോക്ടർമാർ , വാണിജ്യസ്ഥാപനങ്ങൾ, വക്കീലുമാർ തുടങ്ങിയവ ജർമ്മൻകാരും ബഹിഷ്കരിച്ചു. തുടർന്ന് സര്ക്കാര് സർവിസിൽ ജൂതരെ നിരോധിച്ചുകൊണ്ടുള്ള ഉത്തരവിറങ്ങി. പല ജർമ്മൻ പ്രൊഫസർമാറും നാസികളുടെ കൂടെ കൂടി. 1934 ൽ ഹിറ്റ്‌ലർ ഫ്യുറർ ആയി ജർമ്മനിയുടെ പരമാധികാരി ആയതോടെ ജൂതരോടുള്ള വിദ്വേഷത്തിന്റെ ആക്കവും കൂടി. യഹൂദരെ എല്ലാവിധ മാന്യമായ തൊഴിലുകളിൽനിന്നും വിലക്കുകയും, അടിസ്ഥാനമനുഷ്യാവകാശങ്ങൾ പോലും നിഷേധിക്കപ്പെട്ട അവസ്ഥയായി. 1937 ജൂണ്‍ നാലാം തിയ്യതി നാസി ആസ്ഥാനം ബോംബിടാൻ ശ്രമിച്ചു എന്നാരോപിച്ച് രണ്ടു യുവാക്കളെ വധശിക്ഷക്ക് വിധേയരാക്കി. നാസി ആന്റി സെമെടിക് സിദ്ധാന്തങ്ങൾ ശക്തിപ്രാപിക്കും തോറും അനേകം ജൂതർ അമേരിക്കയിലേക്ക് രക്ഷപെട്ടോടി തുടങ്ങി. നാസികൾ 1933 ൽ പലസ്ടിനിലെ സയണിസ്റ്റ് നേതാക്കളുമായി ഉണ്ടാക്കിയ ഹാവര ഉടമ്പടി പ്രകാരം രണ്ടരലക്ഷത്തോളം ജൂതർ പലസ്തിനിലേക്ക് കുടിയേറി. പക്ഷെ ബ്രിട്ടീഷ്‌കാര് ഈ ജൂത കുടിയേറ്റത്തിനു വിലക്കേർപ്പെടുത്തി . പശ്ചിമയൂറോപ്പിൽ അവശേഷിച്ച യഹൂദരിൽ ഭൂരിഭാഗവും നാസി ഹോളോകോസ്റ്റിൽ കൊല്ലപ്പെടുകയും ചെയ്തു.

എന്താണ് സയണിസം (Zionism)?

  ഇസ്രായേലിന്റെ ദേശീയ പ്രത്യയശാസ്‌ത്രമാണ് സയണിസം. ലോകത്തങ്ങിങ്ങായി ചിതറി കിടക്കുന്ന യഹൂദ ജനതയ്ക്ക് സ്വന്തമായി വാഗ്ദത്ത ഭൂമിയായ ഇസ്രായേലിൽ ഒരു രാഷ്ട്രം സ്ഥാപിക്കുന്നതു സംബന്ധിച്ച ചിന്തകൾ പത്തൊമ്പതാം നൂറ്റാണ്ടിൽ ഉദയം കൊണ്ടതിന്റെ ഫലമാണ് ഈ സിദ്ധാന്തം. 1890 ൽ നഥാൻ ബിർന്ബൗം ആണ് ‘സയനിസം’ എന്നാ പദം വിരചിച്ചത്. 1948 ൽ ഇസ്രയേൽ രൂപീകരിച്ചതോടെ സയണിസം ഇസ്രയേൽ രാഷ്ട്രത്തിന്റെ സംരക്ഷണവും വികസനവും എന്ന അർത്ഥം കൈവരിച്ചു. ഇത് പ്രകാരം ഇസ്രയേൽ ദേശീയതയും, യഹൂദ മതവും, ഇസ്രായേലികളുടെ സംസ്കാരവും അസ്ഥിതവും സയണിസം ഉൾക്കൊള്ളുന്നു. ഫ്രഞ്ച്കരക്ക്‌ ഫ്രഞ്ച് ദേശീയത എന്ന പോലെ ഇംഗ്ലീഷു കാർക്ക് ബ്രിട്ടീഷ്‌ ദേശീയത എന്നപോലെ, അമേരിക്കകാർക്ക് അമേരിക്കൻ ദേശീയത എന്നാ പോലെ യഹൂദർക്ക് ഇസ്രയേൽ എന്ന ദേശം എന്ന് സയനിസത്തെ നിർവചിക്കുന്നു. ഈ വികാരമാണ് യഹൂദരെ ഇസ്രായേലിലേക്ക് തിരികെ കൊണ്ട് വന്നത്. ഇത് തന്നെയാണ് അറബികളെ ഇസ്രയെലിനെതിരായി പോരാടുവാനായി പ്രേരിപ്പിക്കുന്നതും.

ആധുനിക ഇസ്രായേലിന്റെ പിറവി 

  രണ്ടാം ലോകമഹായുദ്ധത്തിന്റെ അവസാനം വരെയുള്ള കാലഘട്ടത്തിൽ ലോകമെമ്പാടുമുള്ള സാമൂഹിക രാഷ്ട്രീയ പരിതസ്ഥിതികളിൽ നിന്നും തങ്ങൾക്കു സ്വന്തമായി ഒരു രാഷ്ട്രമില്ലെങ്കിൽ എന്നും അലഞ്ഞു തിരിയുന്ന ശപിക്കപെട്ട ജനതയായി കഴിയേണ്ടി വരുമെന്ന് യഹൂദർ മനസ്സിലാക്കി. തങ്ങളുടെ വാഗ്ദത ഭൂമിയായ ഇസ്രയേൽ തന്നെയാണ് ജൂതരാഷ്ട്രം സ്ഥാപിക്കുന്നതിന് ഏറ്റവും ഉചിതം എന്നും ചിന്തകൾ ഉയര്ന്നു. മതേതര ദേശീയ ബോധവും (secular nationalism) ഇസ്രയേൽ സ്ഥാപനതിനുപിന്നിലെ ഒരു പ്രധാന പ്രേരകശക്തിയാണ്. മാത്രമല്ല, 1896 നും 1948 നും മദ്ധ്യേ യൂറോപ്പിൽനിന്നും രക്ഷപ്പെട്ടോടിയ ലക്ഷക്കണക്കിന്‌ യഹൂദർ ബ്രിട്ടീഷ്‌നിയന്ത്രണത്തിലായിരുന്ന പലസ്തിനായിൽ താമസമാക്കിയിരുന്നു.
എന്നാൽ, ജൂതരുടെ ഈ പ്രവാഹം യൂറോപിയൻ കോളോണിയൽ തന്ത്രമായി കണ്ട പല അറബികളും യാഹൂദരോട് ഏറ്റുമുട്ടി. ഈ അക്രമങ്ങൾ നിയന്ത്രിക്കാൻ ബ്രിട്ടിഷ്കാർക്ക് കഴിഞ്ഞില്ല.

UN_Palestine_Partition_Versions_1947_resized     1947 ൽ ഐക്യരാഷ്ട്രസഭ (Resolution 181) ഈ പ്രദേശം രണ്ടു രാജ്യങ്ങളായി വിഭജിക്കാൻ തീരുമാനിച്ചു .   650,000 ത്തോളം വരുന്ന യഹൂദർ ചിത്രത്തിൽ നീല നിറത്തിൽ കാണുന്ന പ്രദേശത്തേക്കും ഇവിടെ പാർത്തിരുന്ന അറബികളിൽ ഭൂരിഭാഗവും മഞ്ഞ നിറമുള്ള പ്രദേശത്തേക്കും പോകാനായിരുന്നു തീരുമാനം. യഹൂദർ ഈ വ്യവസ്ഥ അംഗീകരിച്ചു. പക്ഷെ ഈ നടപടികൾ തങ്ങളെ അവിടെ നിന്ന് നിഷ്കാസിതരാക്കാനുള്ള ജൂതരുടെ ഗൂഡാലോചന ആയി കണ്ട പലസ്തിനിയൻ അറബികൾ ഈ വ്യവസ്ഥക്കെതിരെ പോരാടാൻ തീരുമാനിച്ചു.

  1948 മെയ്‌ 14 നു ഇസ്രയേൽ സ്ഥാപിക്കപെട്ടപ്പോൾ UN തീരുമാനം ആദ്യം അംഗീകരിച്ച അറബ് ലീഗ് നേതാക്കൾ പലസ്തിനിയൻ അറബികൾക്ക് വേണ്ടി ബ്രിട്ടീഷ്‌ പലസ്തിന്റെ ഭാഗമായിരുന്ന പ്രദേശതെക്ക് പട നയിച്ച്‌ അറബ് — ഇസ്രയേൽ യുദ്ധത്തിനു തുടക്കമിട്ടു. ആയിരകണക്കിന് ആളുകൾ കൊല്ലപെട്ട ഈ യുദ്ധതിനോടുവിലെ വെടിനിർത്തൽ കരാര് പ്രകാരം ഭൂരിഭാഗം പ്രദേശം ഇസ്രയേലും, വെസ്റ്റ് ബാങ്ക് അടങ്ങുന്ന പ്രദേശം ജോർദാനും ഗാസ മുനമ്പ് ഈജിപ്തും കൈവശമാക്കി. സെപ്റ്റംബർ 22 നു ഗാസയിൽ അറബ് ലീഗ് ‘ആൾ പലസ്തിൻ ഗവണ്‍മെന്റ് ‘ രൂപീകരിച്ചു. 1950 കളിൽ ഈജിപ്ത് പലസ്തിനിയൻ ഫിദായീനുകളെ ഇസ്രായേലിൽ ചാവേർ ആക്രമണങ്ങൾ നടത്താൻ സഹായിച്ചു കൊണ്ടിരുന്നുവെ ങ്കിലും 1956 ലെ ‘സൂയസ് പ്രതിസന്ധി’ — ഇസ്രയേൽ ഗാസ ആക്രമിച്ചു കീഴടക്കി. പലസ്തിൻ അറബ് ജനത അഭയാർഥികളായി. ഐക്യരാഷ്ട്രസഭയുടെ പ്രമേയം പ്രകാരം 56% ഭൂമി ആയിരുന്നു ഇസ്രയേൽ രൂപീകരിക്കാൻ അനുവദിക്കപ്പെട്ടതെങ്കിൽ 67 ലെ യുദ്ധത്തോടെ 77 % ഭൂമി ഇസ്രായേലിന്റെ കൈവശം വന്നുചേർന്നു. അതായത് ജോർദാന്റെ നിയന്ത്രണത്തിലുള്ള വെസ്റ്റ് ബാങ്കും ഈജിപ്തിന്റെ കൈവശമുണ്ടായിരുന്ന ഗാസ മുനമ്പുമൊഴികെ യുള്ള ഭൂമി ഇസ്രയെളിന്റെതായി. പലസ്തിനി അറബികൾ ഭൂമിയില്ലാ ജനതയായി . ഇതിനെ തുടർന്ന് ആൾ പലസ്തിൻ ഗവണ്‍മെന്റ് പിരിച്ചു വിട്ടു പലസ്തീൻ ലിബേറേഷൻ ഓർഗനൈസേഷൻ യാസർ ആരാഫാതിന്റെ നേതൃത്വത്തിൽ സ്ഥാപിക്കുകയുണ്ടായി.  പിന്നീട്, കരാമ യുദ്ധത്തിലും മറ്റും ജോർദാനിനോപ്പം ചേർന്ന് ഇസ്രയേലിനെതിരെ പോരാടിയെങ്കിലും 1970 ലെ ജോർദാൻ — പലസ്തിൻ അഭ്യന്തര കലഹത്തോടെ കുറെ പലസ്തിനി അറബികൾ ലെബനനിലേക്ക് പോയി ‘ഫത്താലാൻഡ്‌’ സ്ഥാപിച്ചു. പലസ്തിൻ വിമോചനവാദികൾ ലെബനൻ കേന്ദ്രമാക്കി ഇസ്രയേലിനെ ആക്രമിക്കുകയും വിമാന റാഞ്ചൽ പോലുള്ള ഭീകരപ്രവർത്തനങ്ങളും നടത്തിയതോടെ ഇസ്രയേൽ തിരിച്ചടിച്ചു. ലെബനീസ് അഭ്യന്തര കലാപത്തിലും തുടര്ന്നുള്ള സംഘർഷങ്ങളിലും ഇസ്രയേൽ തലയിട്ടത് സംഗതികൾ കൂടുതൽ വഷളാക്കുകയും സിറിയയെ അകറ്റുകയും ചെയ്തു.

bbc_1967

  ഇറാൻ പിന്തുണയോടെ ഷിയാ മുസ്ലിങ്ങൾ രൂപീകരിച്ച ഹിസ്ബുള്ള 1980കളിൽ പലസ്തിനി വിമതരുടെ കൂടെ കൂടി നിരന്തരം ഗലീലിയാ മേഖലയിൽ ആക്രമണങ്ങൾ അഴിച്ചുവിട്ടു. തൊണ്ണൂറുകളോടെ സോവിയറ്റ് യൂണിയന്റെ പതനത്തോടെ കാര്യമായ രാഷ്ട്രീയ ഉപജാപകകർമ്മങ്ങളില്ലാതായതു കൊണ്ടാണോ എന്തോ, അന്താരാഷ്ട്രസമൂഹം ഇസ്രയേൽ — പലസ്തിൻ പ്രശ്നത്തിനു പരിഹാരം ഉണ്ടാക്കാനായി സമാധാന ശ്രമങ്ങളിൽ ഏർപെട്ടുതുടങ്ങി. 1993 ൽ ഓസ്ലോ ഉടമ്പടി പ്രകാരം പി എൽ ഓ യുടെ നേതൃത്വത്തിൽ ഗാസയിലും വെസ്റ്റ് ബാങ്കിലുമായി പലസ്തിൻ ദേശീയ അതോറിറ്റി സ്ഥാപിക്കാൻ തീരുമാനമായി. എന്നാൽ ഹമാസ്, പലസ്തിനിയൻ ഇസ്ലാമിക്‌ ജിഹാദ് തുടങ്ങിയ പലസ്തിനിയൻ അറബികളിലെ യാഥാസ്ഥിതികർ ഇസ്രയേലിനെതിരെ ആക്രമണങ്ങൾ നടത്താൻ തുടങ്ങി. അതിനെത്തുടർന്ന് സമാധാന കരാറിന് നേതൃത്വം കൊടുത്ത ഇസ്രയേൽ പ്രസിഡണ്ട്‌ യിസഹാക് രബീൻ വധിക്കപെട്ടു. തുടർന്നുള്ള വർഷങ്ങളിൽ സമാധാനം പുനസ്ഥാപിക്കുന്നതിയുള്ള അനേകം ശ്രമങ്ങൾ നടന്നെങ്കിലും 2000 ത്തിൽ ഏരിയൽ ഷാരോണ്‍ ടെമ്പിൾ മൌണ്‍ട് സന്ദർശിച്ചപ്പോൾ പലസ്തിനിയൻ പ്രതിഷേധകരും ഇസ്രയേലി പോലീസും തമ്മിലുണ്ടായ സംഘർഷം രണ്ടാം ഇന്തിഫാദയുടെ തുടക്കമായി. 2005 ൽ ഇസ്രയേൽ ഗാസയിൽ നിന്നും ഒരൊറ്റ ജൂതൻ പോലും ഇല്ലാതെ പൂർണ്ണമായി പിന്മാറി തങ്ങൾക്കു ഗാസയിൽ യാതൊരുവിധത്തിലുമുള്ള നിയന്ത്രണവുമില്ല എന്ന് പ്രഖ്യാപിച്ചു. 2006 ലെ തിരഞ്ഞെടുപ്പിൽ ഹമാസ് വിജയിച്ചതോടെ പലസ്തിനുമായുള്ള മുൻകാല ഉടമ്പടികൾ പാലിക്കുകയും, അക്രമം ഉപേക്ഷിക്കുകയും, ഇസ്രായേൽ എന്ന രാഷ്ട്രത്തെ അംഗീകരിക്കുവാനും തയാറായില്ലെങ്കിൽ സാമ്പത്തിക ഉപരോധം ഏർപെടുത്താൻ നിർബന്ധിതരാകും എന്ന് ഇസ്രയേൽ പറഞ്ഞു. പക്ഷേ  റോക്കറ്റുകൾകൊണ്ടാണ് ഹമാസ് അതിനു മറുപടി നല്കിയത്. പലസ്തിനിയൻ സംഘടനകളായ ഫത്ത യും ഹമാസും തമ്മിലുള്ള ഉൾപ്പോരുകൾ വഷളായത് 2007 ലെ ഗാസ യുദ്ധത്തിൽ കലാശിക്കുകയുണ്ടായി. അതോടെ ഗാസയുടെ പൂർണ്ണ നിയന്ത്രണം ഹമാസിന്റെ കൈകളിലായി. ഈജിപ്തിന്റെ സഹായത്തോടെ ഇസ്രയേൽ ഗാസയിൽ നാവിക ഉപരോധം ഏർപെടുത്തി. ഇറാന്റെ സാമ്പത്തിക- രാഷ്ട്രീയ പിന്തുണയുള്ള ഹമാസുമായുള്ള സംഘർഷങ്ങൾക്ക് 2009 ലെ വെടിനിർത്തൽ കരാറോടെ ഒരു താല്കാലിക വിരാമാമായെങ്കിലും പലസ്തിനിലെ അറബികൾക്ക് അഭയം നല്കാൻ മറ്റു അറബ് രാജ്യങ്ങൾ തയാറാവാത്തതും സയണിസവും അറബ് ദേശീയബോധവും തമ്മിലുള്ള കലഹം മാത്രമാണ് ഇസ്രയേൽ — പലസ്തിൻ പ്രശ്നം എന്ന ലഘൂകരണവും ഈ വിഷയത്തെ സങ്കീർണ്ണമാക്കിയിട്ടുണ്ട്.

  ഐക്യരാഷ്ട്രസഭയുടെ പ്രമേയം അറബികൾ സ്വീകരിക്കുകയും 1948 ൽ ഇസ്രയേലിനെ ആക്രമിക്കാതിരിക്കുകയും ചെയ്തിരുന്നെങ്കിൽ, പലസ്തിൻ എന്നാ രാഷ്ട്രം അന്നേ നിലവില വന്നേനെ. ഇന്ന് ലോകത്ത് കാണുന്ന പല രാഷ്ട്രങ്ങളും രൂപീകരിക്കപെട്ട സമയം ആയിരുന്നു എന്നത് കൊണ്ട് തന്നെ ആ കാലഘട്ടത്തിൽ ഒരു രാഷ്ട്ര വിഭജനം വലിയ സംഭവം ഒന്നുമായിരുന്നില്ല. പക്ഷെ പലസ്തിനിയൻ അറബികൾ ഇസ്രയേൽ എന്ന രാഷ്ട്രത്തെ അംഗീകരിക്കുവാൻ തയ്യാറായില്ലെന്ന് മാത്രമല്ല  അക്രമത്തിന്റെയും ഭീകരപ്രവർതനതിന്റെയും മാർഗം സ്വീകരിച്ചു. അന്ന് അവരെ പിന്താങ്ങിയ അറബി രാഷ്ട്രങ്ങളായ ജോർദാനും ഈജിപ്തും ഇന്ന് ഹമാസ് തങ്ങൾക്കു ഭീഷണി ആകുമോ എന്ന് ഭയപെടുന്നു. മരിച്ചു വീഴുന്ന ഓരോ ജൂതനും വേണ്ടി  ഇസ്രയേലും പകരം വീട്ടുന്നു.  ചുരുക്കത്തിൽ, സെമെടിക് മതങ്ങളായ യഹൂദ മതവും ക്രിസ്തു മതവും ഇസ്ലാമും തമ്മിൽ ചരിത്രത്തിലുടനീളം ഉണ്ടായിട്ടുള്ള നിരന്തര കലഹങ്ങളുടെ ആധുനിക മുഖമാണ് ഇസ്രയേൽ – പലസ്തിൻ സംഘർഷം.

Bernard Lewis, The Crisis of Islam (London, 2003), p. XXVIII

Mark cohen: Under Crescent and Cross: the Jews in the middle ages.

http://www.juedischesmuseum.de/

Leave a Reply

Please log in using one of these methods to post your comment:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Google photo

You are commenting using your Google account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s